SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിക്കുള്ളിൽ നായകൻ ഓയിൻ മോർഗന് താനുമായി കാര്യമായ ആശയവിനിമയമില്ലെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യൻ സ്റ്റാർ സ്പിന്നർ കുൽദീപ് യാദവ്. കൊൽക്കത്തയിൽ കളത്തിന് പുറത്തിരിക്കേണ്ടി വരുന്നതിന്റെ കാരണം പോലും ചിലപ്പോൾ തനിക്കറിയാൻ പറ്റാറില്ലെന്ന് ചൂണ്ടിക്കാട്ടിയ കുൽദീപ്, ടീമിന്റെ നായകനായ ഓയിൻ മോർഗൻ തന്നെ എങ്ങനെയാണ് കാണുന്നതെന്ന് പോലും തനിക്കറിയില്ലെന്നും കൂട്ടിച്ചേർത്തു. പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനായ ആകാശ് ചോപ്രയുമായി അദ്ദേഹത്തിന്റെ യൂടൂബ് ചാനലിൽ സംസാരിക്കവെയായിരുന്നു ചോപ്ര ഇങ്ങനെ പറഞ്ഞത്.

ഒരു വിദേശ ക്യാപ്റ്റനുമായുള്ള ആശയവിനിമയം ബുദ്ധിമുട്ടാണെന്നുള്ള സൂചനകൾ തന്റെ സംസാരത്തിലൂടെ നൽകുന്ന കുൽദീപ്, എന്നാൽ ഇന്ത്യൻ നായകനായിരുന്നു ടീമിനെങ്കിൽ തുടർച്ചയായി ഒഴിവാക്കുന്നതിന്റെ കാരണം ചോദിക്കാമായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ത്യൻ ടീമിലുള്ളപ്പോൾ നിങ്ങൾക്ക് പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചില്ലെ‌ങ്കിൽ ടീം മാനേജ്മെന്റ് നിങ്ങളോട് അതേക്കുറിച്ച് സംസാരിക്കുമെന്നും എന്നാൽ ഐപിഎല്ലിൽ അത് സംഭവിച്ചിട്ടില്ലെന്നും കുൽദീപ് ഇതിനൊപ്പം‌ കൂട്ടിച്ചേർത്തു.

“ചിലപ്പോൾ നിങ്ങൾ കളിക്കാൻ അർഹരാണെന്നും, ടീമിനായി മത്സരങ്ങൾ ജയിക്കാനാകുമെന്നും നിങ്ങൾക്ക് തോന്നും. എന്നാൽ നിങ്ങൾ കളിക്കാത്തതിന്റെ കാരണം നിങ്ങൾക്കറിയാൻ കഴിയില്ല. മാനേജ്മെന്റാകട്ടെ 2 മാസത്തേക്കുള്ള അവരുടെ പദ്ധതികളുമായാണ് വരുന്നത്. ഇത് വളരെയധികം ബുദ്ധിമുട്ട് നൽകുന്നു.

” നിങ്ങൾ പ്ലേയിംഗ് ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തപ്പോൾ ഇന്ത്യൻ ടീമിലാണെങ്കിൽ അവർ നിങ്ങളോട്‌ സംസാരിക്കും. പക്ഷേ ഐപിഎല്ലിൽ അത് സംഭവിക്കില്ല. ഐപിഎല്ലിന് മുൻപ് ഞാൻ ഫ്രാഞ്ചൈസിയോട്‌ സംസാരിച്ചിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. പക്ഷേ ഇടക്ക് നടന്ന മത്സരങ്ങളിൽ ആരും എനിക്ക് ഒരു വിശദീകരണവും നൽകിയില്ല. ഞാൻ ചെറുതായി ഞെട്ടി. അവർക്ക് എന്റെ സ്കില്ലുകളിൽ വിശ്വാസമില്ലാത്തത് പോലെ തോന്നി. ടീമിന് നിരവധി ഓപ്ഷനുകളുള്ളപ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്‌. കൊൽക്കത്തക്ക് ഇപ്പോൾ നിരവധി സ്പിൻ ബോളിംഗ് ഓപ്ഷനുകളുണ്ട്.” കുൽദീപ് പറഞ്ഞു.

ദിനേഷ് കാർത്തിക്കിൽ നിന്ന് കഴിഞ്ഞ സീസണിനിടെ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത ഇംഗ്ലീഷ് സൂപ്പർ താരം ഓയിൻ മോർഗൻ തന്നെ എങ്ങനെയാണ് കാണുന്നതെന്ന് പോലും അറിയില്ലെന്ന് സംസാരത്തിനിടെ വ്യക്തമാക്കിയ കുൽദീപ് അത്തരം സന്ദർഭങ്ങളിൽ ആശയവിനിമയ വിടവ് വർധിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.