SHARE

2018 ഏഷ്യാ കപ്പിന്റെ മത്സര ഷെഡ്യൂളിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതിനെതിരെയാണ് സേവാഗിൻ്റെ രൂക്ഷ പ്രതികരണം. ഇന്ത്യ ഏഷ്യാ കപ്പ് കളിക്കരുതെന്നും സേവാഗ് പറഞ്ഞു.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഇന്ത്യയും എ ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. യോഗ്യത കളിച്ചെത്തുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ തന്നെ ആയിരിക്കും. സപ്തംബര്‍ 15ന് നടക്കുന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 16ന് പാകിസ്ഥാന്‍ യോഗ്യത നേടുന്ന ടീമിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം 18ന് യോഗ്യത നേടുന്ന ടീമിനെതിരെയാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ പാകിസ്ഥാനെയും നേരിടണം. ഇതാണ് വിമര്‍ശനത്തിന് കാരണമായ സംഭവം.

‘ ഏഷ്യാ കപ്പിലെ മത്സരക്രമം എന്നെ ഞെട്ടിക്കുകയാണ് ചെയ്തത്, ഇന്ന് ഏതെങ്കിലും രാജ്യങ്ങള്‍ ഇങ്ങനെ അടുത്തടുത്ത ദിവസങ്ങളില്‍ ക്രിക്കറ്റ് മത്സരം കളിക്കുമോ, അതും ദുബായ് പോലുള്ള ചൂടേറിയ സ്ഥലങ്ങളില്‍, ഇത് ശരിയായ മത്സരക്രമമാണെന്ന് തോന്നുന്നില്ല, ഇങ്ങനെയെങ്കില്‍ ഏഷ്യാ കപ്പ് കളിക്കരുത്, ടീമിന് അടുത്ത പരമ്പരകള്‍ക്ക് വേണ്ടി തയ്യാറെടുക്കാനുള്ള സമയം നല്‍കണം, അടുത്തടുത്ത ദിവസങ്ങളില്‍ കളിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്’ – സേവാഗ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.