SHARE

മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് ഒരു ഐപിഎൽ സീസണിൽപ്പോലും 600 റൺസ് നേടാൻ കഴിയാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇഷ്ടാനുസരണം റൺസ് നേടാൻ കഴിവുള്ള രോഹിതിന് ഐപിഎല്ലിൽ അത്തരം സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഗംഭീർ, ഒരു വലിയ ഐപിഎൽ സീസൺ ഇതു വരെ അദ്ദേഹത്തിനുണ്ടാകാത്തത് എന്തു കൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

“അവന് ഒരിക്കൽപ്പോലും ഒരു വലിയ ഐപിഎൽ സീസൺ ലഭിച്ചിട്ടില്ലാത്തത് എന്തു കൊണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല. അവനെ പ്രതിരോധിക്കാൻ പോലും എനിക്ക് ഒരു കാരണമില്ല. അവനൊരു ലോകോത്തര കളികാരനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് അവൻ ആദ്യമായി കടന്നു വന്നപ്പോൾ മുതൽ ഞാൻ അവനെ വിസ്മയത്തോടെ കാണുന്നു. അന്നും ഞാൻ പറഞ്ഞു, ഇന്ത്യ സൃഷ്ടിച്ചതിൽ വെച്ച് ഏറ്റവും മികച്ച പ്രതിഭയാണ് അദ്ദേഹം.”

“പിന്നെ അന്താരാഷ്ട്ര വേദിയിൽ അവൻ സ്വയം തെളിയിച്ചു‌. എന്നാൽ മുംബൈ ജേഴ്സി ധരിക്കുമ്പോൾ അവന് വിരാട് കോഹ്ലിക്കുള്ളത് പോലെയോ, കെ എൽ രാഹുലിനുള്ളത് പോലെയോ ഒരു 600 റൺസ് സീസണില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അത് എന്തു കൊണ്ടെന്നും എനിക്കറിയില്ല. ഇഷ്ടാനുസരണം റൺസ് നേടാൻ കഴിവുള്ള താരത്തിന് ഐപിഎല്ലിൽ അതേ തരത്തിലൊരു സ്വാധീനം ചെലുത്താനാകുന്നില്ല.” ഗംഭീർ പറഞ്ഞു നിർത്തി.

ഐപിഎൽ കളിക്കുന്ന സമയത്ത് രോഹിത് ശർമ്മയുടെ സമീപനം അല്പം ഭീരുത്വം നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടുന്ന ഗംഭീർ, അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിൽ നിന്ന് വ്യത്യസ്തമായാണ് അദ്ദേഹത്തെ ഐപിഎല്ലിൽ കാണപ്പെടുന്നതെന്നും വ്യക്തമാക്കി. മുംബൈ ഇന്ത്യൻസ് ടീമിന്റെ ആഴം കണക്കിലെടുക്കുമ്പോൾ രോഹിത് ഐപിഎല്ലിൽ കുറച്ച് കൂടി ആക്രമണാത്മകമായിരിക്കണമെന്നും എന്നാൽ അങ്ങനെയല്ലാത്തത് എന്ത് കൊണ്ടാണെന്നത് തനിക്കറിയില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിൽ ഇതു വരെ ഒരു സീസണിൽപ്പോലും 600 റൺസിലധികം നേടാൻ കഴിഞ്ഞിട്ടില്ലാത്ത രോഹിതിന് 2013 ന് ശേഷം ഒരു 500 റൺസ് സീസൺ പോലുമുണ്ടായിട്ടില്ല. ഈ വർഷത്തെ ഐപിഎല്ലിൽ 13 മത്സരങ്ങളിൽ നിന്ന് 381 റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്.