SHARE

കരിയറിൽ തന്റെ സ്വപ്ന ഫോമിലൂടെ കടന്ന് പോവുകയാണ് മുംബൈ യുവതാരം സർഫറാസ് ഖാൻ. കഴിഞ്ഞയാഴ്ച നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ച് തകർത്ത താരം ഇപ്പോളിതാ ഇരട്ട സെഞ്ചുറിയുമായി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു‌. ഏകദിന ശൈലിയിലാണ് താരത്തിന്റെ ഉജ്ജ്വല സെഞ്ചുറികൾ രണ്ടും പിറന്നിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിനെതിരെ നടന്ന രഞ്ജി മത്സരത്തിന്റെ ഒന്നാമിന്നിംഗ്സിൽ മുംബൈയ്ക്ക് വേണ്ടി ആറാമനായി ബാറ്റിംഗിനിറങ്ങിയ സർഫറാസ് ഖാൻ, 391 പന്തുകളിൽ 30 ബൗണ്ടറികളും, 8 സിക്സറുകളുമടക്കം 301 റൺസ് നേടി പുറത്താകാതെ നിന്നു. താരത്തിന്റെ ഈ ട്രിപ്പിൾ സെഞ്ചുറി ഒറ്റപ്പെട്ട പ്രകടനമല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് ഹിമാചലിനെതിരെ ആരംഭിച്ച മത്സരത്തിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട മുംബൈയ്ക്ക് വേണ്ടി അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ സർഫറാസ് ഏകദിന ശൈലിയിൽ തകർത്തടിക്കുകയായിരുന്നു‌.

ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 213 പന്തുകളിൽ 32 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 226 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ് സർഫറാസ്. 74 റൺസ് കൂടി നേടാൻ കഴിഞ്ഞാൽ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന താരമായി സർഫറാസ് മാറും.