SHARE

2021 ലെ ഏഷ്യാകപ്പിന് ശ്രീലങ്കയും, 2022 ലെ ഏഷ്യാകപ്പിന് പാകിസ്ഥാനും വേദിയാകുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സി ഇ ഓ ആയ വസീം ഖാൻ. കഴിഞ്ഞ ദിവസം ടൈംസ് നൗവിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ വാർത്ത പുറത്ത് വിട്ടത്. നേരത്തെ ഈ വർഷത്തെ ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്നതാണെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് നീട്ടിവെക്കുകയായിരുന്നു. ഇതാണ് 2022 ലെ ടൂർണമെന്റിന്റെ ആതിഥേയത്വ അവകാശം പാകിസ്ഥാന് ലഭിക്കാൻ കാരണം.

അതേ സമയം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നത് കൊ‌ണ്ടു തന്നെ 2022 ലെ ഏഷ്യാകപ്പിൽ ഇന്ത്യ കളിക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നില നിൽക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെയാണ് ഇതിന് കാരണം. പാകിസ്ഥാനിലാണ് മത്സരങ്ങളെങ്കിൽ കേന്ദ്ര സർക്കാർ, ഇന്ത്യൻ ടീമിന് അതിൽ പങ്കെടുക്കാനുള്ള അനുമതി നൽകാനുള്ള സാധ്യത വളരെ നേർത്തതാണ്.

അതേ സമയം 2007 ലാണ് ഇന്ത്യയും, പാകിസ്ഥാനും അവസാനമായി ഒരു ബൈലാറ്ററൽ ടെസ്റ്റ് പരമ്പരയിൽ ഏറ്റുമുട്ടിയത്. അന്ന് പര്യടനത്തിനായി ഇന്ത്യയിലെത്തിയ പാകിസ്ഥാ‌‌ൻ 3 ടെസ്റ്റുകളും, 5 ഏകദിന മത്സരങ്ങളുമടങ്ങിയ പരമ്പരയിലായിരുന്നു ആതിഥേയർക്കെതിരെ മത്സരിച്ചത്. 2012 ൽ മൂന്ന് ഏകദിനങ്ങളും, 2 ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരയ്ക്കായി പാകിസ്ഥാൻ ഒരിക്കൽക്കൂടി ഇന്ത്യയിലെത്തി. ഇതിന് ശേഷം ഐസിസി ടൂർണമെന്റുകളിലോ, ഏഷ്യാകപ്പിലോ അല്ലാതെ ഇന്ത്യയും, പാകിസ്ഥാനും തമ്മിൽ മത്സരിച്ചിട്ടില്ല