SHARE

പഞ്ചാബും, ഡെൽഹിയും തമ്മിൽ ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യ ദിനം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്. പഞ്ചാബിന്റെ ഇന്ത്യൻ സൂപ്പർ താരം ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു നാടകീയ നിമിഷങ്ങൾ ഗ്രൗണ്ടിൽ അരങ്ങേറിയത്. ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ നാൾ ഈ സംഭവം ചർച്ച ചെയ്യുമെന്നുറപ്പ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബിന്റെ ശുഭ്മാൻഗിൽ ക്യാച്ചൗട്ടായപ്പോളായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. ഗിൽ ക്യാച്ചൗട്ടാണെന്ന് അമ്പയർ വിധിയെഴുതിയെങ്കിലും ക്രീസ് വിട്ട് പോകാൻ താരം കൂട്ടാക്കിയില്ല. ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങാൻ തയ്യാറാവാതെ ക്രീസിൽത്തന്നെ ഗിൽ നിന്നതോടെ അത് വിക്കറ്റല്ലെന്ന് അമ്പയർമാർ വിധി മാറ്റിയെഴുതി. എന്നാൽ ഡെൽഹി ടീമിന് ഇത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. ആദ്യമെടുത്ത തീരുമാനം അമ്പയർമാർ മാറ്റിയെഴുതിയത് ഡെൽഹി ടീമിനെ രോഷാകുലരാക്കി. അവർ ബോൾ ചെയ്യാൻ വിസമ്മതിച്ചു. പിന്നാലെ നിതീഷ് റാണയുടെ നേത്വത്വത്തിൽ ടീം ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോകാൻ തീരുമാനിച്ചു. ശുഭ്മാൻ ഗിൽ അമ്പയറെ അധിക്ഷേപിച്ചു എന്ന് ഇതിനിടെ ഡെൽഹി നായകൻ നിതീഷ് റാണ ആരോപിക്കുകയും ചെയ്തു.

വിവാദ സംഭവം കുറച്ചധികം നേരം കളിയും മുടക്കി. പിന്നീട് മാച്ച് റഫറി ഇടപെട്ട് സ്ഥിതിഗതികൾശാന്തമാക്കിയതിന് ശേഷമാണ് ഡെൽഹി ടീം കളി തുടരാൻ തയ്യാറായത്. വിവാദത്തിനൊടുവിൽ ജീവൻ തിരിച്ചുകിട്ടിയ ഗില്ലാകട്ടെ പിന്നീട് 41 പന്തിൽ 23 റൺസെടുത്ത് പുറത്താവുകയും ചെയ്തു.