SHARE

ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ഭരിച്ചിരുന്ന താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ്, വിവിഎസ് ലക്ഷ്മൺ എന്നിവർ. ഇതിൽ ദ്രാവിഡ് ഒഴിച്ചുള്ളവരെല്ലാം ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിൽ കമന്ററി ബോക്സിൽ സജീവമാണ്. തന്റെ സമകാലീനരായ ഇതിഹാസ താരങ്ങളെല്ലാം കമന്ററി പറഞ്ഞ് ഇംഗ്ലണ്ടിൽ തകർക്കുമ്പോൾ ഇവിടെ ഇന്ത്യയിൽ അതിലും വലിയ ദൗത്യത്തിലാണ് ദ്രാവിഡ്.

ഇന്ത്യൻ‌ ക്രിക്കറ്റിന്റെ ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിട്ട് ഇന്ന് ദ്രാവിഡ് ചുമതലയേറ്റെടുത്തു. ബാംഗ്ലൂർ ആസ്ഥാനമായിട്ടുള്ള എൻ സിഎയിൽ രണ്ട് വർഷത്തെ കരാറാണ് ദ്രാവിഡ് ഒപ്പു വെച്ചിരിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേയും, സോണൽ ക്രിക്കറ്റ് അക്കാദമികളുടേയും പരിശീലകരെ നിയമിക്കുന്നത് ഇനി മുതൽ ദ്രാവിഡാകും. ഇതിന് പുറമേ വനിതാ ക്രിക്കറ്റർമാരെയും അക്കാദമിയിൽ ദ്രാവിഡ് സഹായിക്കും.

പുതിയ ദൗത്യമേറ്റെടുത്തതോടെ ഇനി മുതൽ ഇന്ത്യ എ ടീമിനും, ഇന്ത്യൻ അണ്ടർ 19 ടീമിനുമൊപ്പം അവർ കളിക്കുന്ന പരമ്പരകളിൽ മുഴവനായും പങ്കെടുക്കാ‌ൻ ദ്രാവിഡിന് കഴിയില്ല. അണ്ടർ 19 ടീമിനും, ഇന്ത്യൻ എ ടീമിനും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സേവനം ഇനി മുതൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാവും ദ്രാവിഡ് നൽകുക.