SHARE

ഇതിഹാസതാരം രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായേക്കുമെന്ന് റിപ്പോർട്ടുകൾ. നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായേക്കുമെന്നാണ് സൂചനകൾ. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടി20 ലോകകപ്പിന് ശേഷം മുഖ്യ പരിശീലകൻ രവി ശാസ്ത്രി സ്ഥാനമൊഴിയും. ശാസ്ത്രിയുടെ പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ പുതിയ പരിശീലകനെ കണ്ടെത്താൻ പ്രതീക്ഷിച്ചതിലേറെ സമയം വേണ്ടെവരുമെന്നാണ് ബിസിസിഐ വിലയിരുത്തുന്നതെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പരിചയസമ്പന്നനായ ​ദ്രാവിഡിന് താൽക്കാലിക ചുമതല നൽകാനുള്ള ശ്രമത്തിലാണ് ബിസിസിഐ. മൂന്ന് ടി20യും രണ്ട് ടെസ്റ്റുമടങ്ങുന്നത് ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യ‌‌‌‌ടനം.

ചില ഓസ്ട്രേലിയൻ പരിശീലകർ ഇന്ത്യൻ ടീം ചുമതലയേറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. എന്നാൽ ഇന്ത്യക്കാർക്ക് ആദ്യ പരി​ഗണന നൽകാനാണ് ബിസിസിഐ തീരുമാനം. ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവൻ സമയപരിശീലകനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമുണ്ട്. എന്നാൽ ദ്രാവിഡ് ഈ ഓഫർ നേരത്തെ തന്നെ തള്ളിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ ബെം​ഗളുരുവിനെ നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയാണ് ദ്രാവിഡിന്.