SHARE

ലോകത്തെവിടെയാണെങ്കിലും തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ വന്മതില്‍ രാഹുല്‍ ദ്രാവിഡ് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ ദ്രാവിഡിന് വോട്ടു ചെയ്യാന്‍ പറ്റില്ല. വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. 2018 നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തന്റെ മണ്ഡലമായ ഇന്ദിരാ നഗറില്‍ നിന്ന് വീട് മാറിയിരുന്നു. പുതിയ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. പേര് ചേര്‍ക്കാന്‍ വിട്ടുപോയതാണ് ദ്രാവിഡിന് തിരിച്ചടിയായത്.

ദ്രാവിഡിന്റെ സഹോദരന് വോട്ടര്‍ പട്ടികയില്‍ പേര് നീക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാനുള്ള ഫോം ദ്രാവിഡ് പൂരിപ്പിച്ച് നല്‍കിയില്ല. പേര് നീക്കാനുള്ള അപേക്ഷ ലഭിച്ചെങ്കിലും താരം തന്നെ സമര്‍പ്പിച്ചാല്‍ മാത്രമേ പുതിയ മണ്ഡലത്തില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടുവട്ടം ദ്രാവിഡിന്റെ വീട്ടില്‍ ചെന്നെങ്കിലും അപ്പോഴവിടെ ആരുമില്ലായിരുന്നുവെന്നും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

ഇലക്ഷന്‍ കമ്മീഷന്റെ പരസ്യങ്ങളില്‍ പലവട്ടം ദ്രാവിഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരാധകരോട് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള പരസ്യങ്ങളായിരുന്നു ഇവ. കളിക്കളത്തിലെ തിരക്കുകള്‍ക്കിടയില്‍ വോട്ടുചെയ്ത് മുന്‍കാലങ്ങളില്‍ അദേഹം മാതൃക കാണിക്കുകയും ചെയ്തിരുന്നു.