SHARE

ക്രിക്കറ്റ് ലോകത്തെ ജെന്റില്‍മാന്‍ എന്നാണ് രാഹുല്‍ ദ്രാവിഡിനെ വിശേഷിപ്പിക്കുന്നത്. എത്ര പ്രകോപനമുണ്ടാക്കുന്ന എതിരാളിയോട് പോലും സൗമ്യനായി പെരുമാറും. കളിക്കളത്തിലാണെങ്കിലും പുറത്താണെങ്കിലും. ക്വലാലംപൂരില്‍ നടക്കുന്ന അണ്ടര്‍ 19 ഏഷ്യാകപ്പിലും ഇത്തരമൊരു രംഗം കാണാനായി. ദുര്‍ബലരായ നേപ്പാള്‍ ഇന്ത്യയെ 19ന് തോല്പിച്ച് ചരിത്രം സൃഷ്ടിച്ച ദിവസം അവരെ അഭിനന്ദിക്കാന്‍ ആദ്യമെത്തിയത് ഇന്ത്യന്‍ കോച്ചായ ദ്രാവിഡായിരുന്നു.

നേപ്പാള്‍ പരിശീലകന്‍ ബിനോദ്കുമാര്‍ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേപ്പാളാണ് ജയം അര്‍ഹിച്ചതെന്നും മികച്ച പ്രകടനമാണ് അവര്‍ നടത്തിയതെന്നും പറഞ്ഞ ദ്രാവിഡ് തന്റെ കളിക്കാരെ പ്രശംസിക്കാനും മറന്നില്ലെന്ന് ദാസ് പറഞ്ഞു. തികച്ചും മാന്യനായ ഒരു ക്രിക്കറ്ററാണ് അദേഹം. ദ്രാവിഡിന്റെ അഭിനന്ദനമാണ് ഞങ്ങള്‍ക്കു ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനം- ദാസ് കൂട്ടിച്ചേര്‍ത്തു. നേപ്പാളിന്റെ അപ്രതീക്ഷിത ജയത്തോടെ സെമിയിലെത്താമെന്ന ഇന്ത്യയുടെ മോഹത്തിന് ചെറിയ മങ്ങലേറ്റിട്ടുണ്ട്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശക്തരായ ബംഗ്ലാദേശിനെ തോല്പിച്ചെങ്കില്‍ മാത്രമേ ദ്രാവിഡിന്റെ കുട്ടികള്‍ക്ക് അവസാന നാലിലെത്താനാകു. രണ്ടു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ബംഗ്ലാദേശ് രണ്ടു ജയവുമായി സെമി ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും അവസാന മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇന്ത്യയുടെ എതിര്‍ഗ്രൂപ്പിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അവിടെ പാക്കിസ്ഥാനെ തോല്പിച്ച അഫ്ഗാനിസ്ഥാനും ഗ്രൂപ്പിലെ മറ്റൊരു ടീമായ ശ്രീലങ്കയ്ക്കും സെമിയിലേക്കുള്ള സാധ്യതകള്‍ തുറന്നുകിടക്കുന്നു.