SHARE

ഗോവയിൽ നടക്കുന്ന ഏവ്സ് കപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തിനിറങ്ങിയ ഗോകുലം കേരളയ്ക്ക് സമനിലക്കുരുക്ക്. സ്പോർട്ടിംഗ് ഗോവയാണ് മത്സരത്തിന്റെ ഇഞ്ചുറി സമയ ഗോളിലൂടെ ഗോകുലത്തെ സമനിലപ്പൂട്ടിൽ വീഴ്ത്തിയത്. മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നതോടെ ടൂർണമെന്റിൽഗോകുലത്തിന്റെ സെമി പ്രതീക്ഷകളും മങ്ങി. നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തിൽ അവർ ഓ.എൻ.ജി.സി യോട് പരാജയപ്പെട്ടിരുന്നു.

ഗോവയിലെ തിലക് മൈദാനിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ നാസർ നേടിയ ഗോളിൽ ഗോകുലം മുന്നിലെത്തി. മത്സരം ഗോകുലത്തിന് അനുകൂലമായി മുന്നോട്ട് പോകുമ്പോളായിരുന്നു നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ട് മുൻപ് സലീലിന് ചുവപ്പ് കാർഡ് ലഭിക്കുന്നത്. ഇതോടെ 10 പേരായി ചുരുങ്ങിയ ഗോകുലം കേരളം പിന്നീടുള്ള സമയം അല്പം പിൻ വലിഞ്ഞാണ് കളിച്ചതും. ഇതായിരുന്നു സ്പോർട്ടിംഗിന്റെ സമനില ഗോളിന് വഴി വെച്ചത്.

റഫറിയുടെ അന്തിമ വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ്, മത്സരം 94 മിനുറ്റെത്തിയപ്പോൾ അകെരാജ് മാർട്ടിൻസിലൂടെയാണ് അവർ ഗോൾ മടക്കിയത്. സെസ അക്കാദമിക്കെതിരായ മത്സരം മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലത്തിന് ഇനി അവശേഷിക്കുന്നത്. ഈ മത്സരത്തിൽ വലിയ ജയം നേടുകയും, മറ്റുള്ള ടീമുകളുടെ മത്സരഫലം അനുകൂലമാവുകയും ചെയ്താലേ ഗോകുലത്തിന് ഇനി സെമി പ്രതീക്ഷയുള്ളൂ.