SHARE
ഐസക്ക് ദ്രോഗ്ബ(ഇടത്)

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ദിദിയര്‍ ദ്രോഗ്ബ. ഐവറി കോസ്റ്റിനായും ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്കായും ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് സട്രൈക്കറായ ദ്രോഗ്ബ. ഇപ്പോള്‍ ദ്രോഗ്ബയുടെ അതേ പാത പിന്തുടരുകയാണ് മകന്‍ ഐസക്കും.

പതിനേഴുകാരനമായ ഐസകും ഫുട്‌ബോള്‍ താരമാണ്. ദ്രോഗ്ബ കരിയറിന്റെ തുടക്കകാലത്ത് കളിച്ചിരുന്ന ഫ്രഞ്ച് ടീം ഗ്വിന്‍ഗ്യാമ്പുമായാണ് ഇപ്പോള്‍ ഐസക്ക് കരാറൊപ്പിട്ടിരിക്കുന്നത്. 2002-ല്‍ ഒരു സീസണ്‍ മാത്രമാണ് ദ്രോഗ്ബ ഇവിടെ കളിച്ചത്.പിന്നീട് മാഴ്‌സയിലേക്കും അവിടെനിന്ന് ചെല്‍സിയിലേക്കും പോയി.

ഐസക്കിന്റെ കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ചെല്‍സി അക്കാദമിയില്‍ നിന്നാണ് ഐസക്ക് ഫ്രഞ്ച് ലീഗിലേക്കെത്തുന്നത്. മൂന്നേറ്റനിരക്കാരനായ ഐസക്ക് ഫ്രാന്‍സിലാണ് ജനിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ കളിക്കാനാണ് ഐസക്കിന് താല്‍പര്യമെന്ന് നേരത്തെ ദ്രോഗ്ബ തന്നെ വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് ക്ലബുമായി ഐസക്ക് കരാറിലെത്തിയ കാര്യം ദ്രോഗ്ബ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ ചെല്‍സിയില്‍ ദ്രോഗ്ബയുടെ സഹതാരങ്ങളായിരുന്ന ഫ്രാങ്ക് ലാംപാര്‍ഡും ജോണ്‍ ടെറിയും അഭിനന്ദനങ്ങള്‍ അറിയിച്ചു.