SHARE

അന്താരാഷ്ട്ര ക്രിക്കറ്റിലെപ്പോലെ ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റും വിപ്ലവാന്മകമായ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം ബിസിസിഐ സംഘടിപ്പിച്ച അഭ്യന്തര ടീം ക്യാപ്റ്റന്മാരുടെയും, പരിശീലകരുടേയും വാർഷിക മീറ്റിംഗിൽ ഇന്ത്യൻ ക്രിക്കറ്റിൽ വരുത്തേണ്ട നിർണായക മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.

അമ്പയറുടെ തീരുമാനം ചോദ്യം ചെയ്യാൻ കഴിയുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റം രഞ്ജി ട്രോഫിയിൽ കൊണ്ട് വരുന്ന കാര്യത്തിലായിരുന്നു പ്രധാന ചർച്ചകളിലൊന്ന്. കഴിഞ്ഞ സീസൺ അവസാനം രഞ്ജി ട്രോഫിയിലെ അമ്പയറിംഗ് വളരെ മോശമാണെന്ന് പരാതികളുണ്ടായിരുന്നു‌. ഡി ആർ എസ് കൊണ്ട് വരുന്നതോടെ അമ്പയർമാർക്ക് സംഭവിക്കുന്ന പിഴവുകൾ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

വാർഷിക മീറ്റിംഗിൽ ചർച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം രഞ്ജി‌ട്രോഫി മത്സരങ്ങളിൽ നിന്ന് ടോസ് സമ്പ്രദായം മാറ്റുന്നതാണ്. ടോസിന്‌ പകരം സന്ദർശക ടീമിന് ആദ്യം ബാറ്റിംഗ് വേണോ ബൗളിംഗ് വേണോ എന്ന് തീരുമാനിക്കാനുള്ള അനുവാദം നൽകുന്ന രീതി കൊണ്ട് വരുന്ന കാര്യത്തിലാണ് ചർച്ചകൾ നടന്നത്. അതേ സമയം ഇക്കാര്യങ്ങളിൽ ആദ്യ ഘട്ട ചർച്ചകൾ മാത്രമേ ഇപ്പോൾ നടന്നിട്ടുള്ളൂ. കൂടുതൽ പരീക്ഷണങ്ങൾക്കും, ചർച്ചകൾക്കും ശേഷമാകും ഈ മാറ്റങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ കൊണ്ട് വരണോ ഇല്ലയോ എന്ന് ബിസിസിഐ തീരുമാനിക്കൂ.