SHARE

സൂപ്പര്‍ കപ്പില്‍ സ്വന്തം കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായി ഈസ്റ്റ് ബംഗാളിന്റെ നൈജീരിയന്‍ താരം ഡുഡു. ഐസോള്‍ എഫ് സിയെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് തോല്‍പ്പിച്ച മത്സരത്തിലാണ് സംഭവം. നിരവധി അവസരങ്ങള്‍ പാഴാക്കിയ ഡുഡുവിനെതിരെ സ്വന്തം ആരാധകര്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇവര്‍ വംശീയാധിക്ഷേപവും നടത്തിയെന്നാണ് ഡുഡു പറയുന്നത്.

‘ ഇനിയും ഞാന്‍ എന്നെ കൊണ്ട് എന്താണ് ചെയ്യാനാവുകയെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടോ..?, മറ്റുള്ളവരോട് ബഹുമാനമില്ലാത്ത ഈ വിഡ്ഢികളെ എന്റര്‍ടെയ്ന്‍ ചെയ്യേണ്ട കാര്യമില്ല എനിക്ക്’ – ഡുഡു പറഞ്ഞു. ഈസ്റ്റ് ബംഗാളിന് വേണ്ടി ഇത് രണ്ടാം തവണയാണ് ഡുഡു കളിക്കാനെത്തുന്നത്. നേരത്തെ 2014-15 സീസണില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിച്ച താരം പിന്നീട് ഐ എസ് എല്ലിലുമെത്തിയിരുന്നു. 8 ഗോളുകളുമായി ഈ സീസണിലെ ഈസ്റ്റ് ബംഗാളിന്റെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഡുഡു.

എഫ് സി ഗോവയ്‌ക്കെതിരെ ഇന്ന് വൈകീട്ട് നാലുമണിക്കാണ് ഈസ്റ്റ് ബംഗാളിന്റെ സൂപ്പര്‍ കപ്പ് സെമിഫൈനല്‍. മത്സരത്തില്‍ ഡുഡു കളിക്കാന്‍ ഇറങ്ങില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ കോച്ച് ഖാലിദ് ജമീല്‍ ഇന്ന് വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയിലാണ്.