SHARE

​ഗ്രൂപ്പിലെ നിർണായകമായ സെർബിയക്കെതിരായ മത്സരത്തിൽ സൂപ്പർ താരം ഡ​ഗ്ലസ് കോസ്റ്റ കളിച്ചേക്കില്ല. കോസ്റ്റാറിക്കകെതിരായ മത്സരത്തിൽ പരിക്കേറ്റതോടെയാണ്, ടീം അധികൃതർ ഇക്കാര്യം അറിയിച്ചത്. കോസ്റ്റാറിക്കകെതിരായ മത്സരത്തിൽ ബ്രസീലിന്റെ വിജയശിൽപ്പി യുവന്റസ് താരമായ ഡ​ഗ്ലസ് കോസ്റ്റയായിരുന്നു.

മത്സരത്തിന് ശേഷം, വലതുകാലിന്റെ പിൻതുട ഞരമ്പിന്റെ ഭാ​ഗത്ത് കടുത്ത് വേദനയുണ്ടെന്ന് കോസ്റ്റ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, കാലിന്റെ പിന്നിലെ പേശിക്ക്, ചെറിയ പരിക്ക് പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി, ടീം ഡോക്ടർ റോഡ്രിഡോ ലാസ്മർ പറഞ്ഞു. അതിനാൽ തന്നെ ടീം ക്യാമ്പായ സോച്ചിയിൽ തന്നെ, കോസ്റ്റ തുടരുമെന്നും, സെർബിയക്കെതിരായ മത്സരത്തിന് ടീമിനൊപ്പ സഞ്ചരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു താരമായ ഡാനിലോയും പരിക്കിനെത്തുടർന്ന് വിശ്രമത്തിലാണ്, കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഡാനിലോ, സെർബിയക്കെതിരേയും കളിക്കാൻ സാധ്യതയില്ല. പകരം ഫാ​ഗ്നർ തന്നെ ഇറങ്ങനാണ് സാധ്യത.

​ഗ്രൂപ്പിൽ ഒരു വിജയവും സമനിലയുമുള്ള ബ്രസീലാണ് പോയിന്റ് നിലയിൽ ഒന്നാമത്. സ്വിറ്റ്സർലൻഡിനും അത്ര തന്നെ പോയിന്റുണ്ട്. അതിനാൽ സെർബിയക്കെതിരായ മത്സരത്തിൽ ബ്രസീൽ വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ ബ്രസീൽ രണ്ടാ മത്സരത്തിൽ താളം കണ്ടെത്തിയത് ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്.