SHARE

ഇന്ത്യ ബ്ലൂവും, ഇന്ത്യ ഗ്രീനും തമ്മിൽ നടന്ന ഈ വർഷത്തെ ദുലീപ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. മഴ വില്ലനായെത്തിയ മത്സരത്തിൽ ഒരു ടീമിന് പോലും തങ്ങളുടെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യ ദിനം മാത്രമാണ് കളി നടന്നത്.

ഓഗസ്റ്റ് 17 ന് ബെംഗളൂരുവിലെ ജസ്റ്റ് അക്കാദമി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച പോരാട്ടത്തിൽ ആകെ 49 ഓവർ മാത്രമാണ് എറിയാനായത്. മഴയെത്തുടർന്ന് കളിയുടെ രണ്ടും, മൂന്നും, നാലും ദിനങ്ങൾ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. കളി സമനിലയിൽ അവസാനിച്ചതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്ക് വെച്ചു

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഗ്രീൻ, ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി‌ വന്ന ഇന്ത്യ ബ്ലൂവിനെ, ഗ്രീൻ ബോളർമാർ വിറപ്പിച്ചു. മഴ കളിമുടക്കിയായെത്തുമ്പോൾ 49 ഓവറിൽ 112/6 എന്ന സ്കോറിലായിരുന്നു ഇന്ത്യ ബ്ലൂ. 26 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ഇഷാൻ പോറൽ, രണ്ട് വിക്കറ്റെടുത്ത തൻ വീർ ഉൾ ഹഖ് എന്നിവരായിരുന്നു ഇന്ത്യ ഗ്രീൻ ബോളർമാരിലെ ഹീറോസ്. ഓഗസ്റ്റ് 23 ന് ഇന്ത്യ റെഡും, ഇന്ത്യ ബ്ലൂവും തമ്മിലാണ് ദുലീപ് ട്രോഫിയിലെ രണ്ടാം മത്സരം.