SHARE

ഇന്ത്യ റെഡിനെതിരായ ദുലീപ് ട്രോഫി മത്സരത്തിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ ഗ്രീൻ നേടിയത് 440 റൺസെന്ന മികച്ച സ്കോർ. ഓപ്പണർ അക്ഷയ് റെഡ്ഡിയുടെ സെഞ്ചുറിക്ക് പിന്നാലെ സിദ്ദേഷ് ലഡ്, പ്രിയം ഗർഗ് എന്നിവരുടെ അർധ സെഞ്ചുറികളാണ് ഗ്രീനിന് മികച്ച ഒന്നാമിന്നിംഗ്സ് സ്കോർ സമ്മാനിച്ചത്. മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ റെഡ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 140/2 എന്ന നിലയിലാണ്‌. 77 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്ന കരുൺ നായരാണ് റെഡിനെ മുന്നോട്ട് നയിക്കുന്നത്.

308/4 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഗ്രീനെ, കൃത്യതയോടെ പന്തെറിഞ്ഞ റെഡ് ബോളർമാർ പ്രതീക്ഷിച്ച സ്കോർ എത്തുന്നതിൽ നിന്ന് തടയുകയായിരുന്നു. ഇന്ന് 132 റൺസ് എടുക്കുന്നതിനിടയ്ക്കാണ്ണം ഗ്രീനിന് അവരുടെ അവസാന 6 വിക്കറ്റുകൾ നഷ്ടമായത്. 5 വിക്കറ്റെടുത്ത അക്ഷയ് വഖരെയായിരുന്നു റെഡ് ബോളർമാരിലെ താരം. മലയാളി താരം സന്ദീപ് വാര്യർ, ആവേശ് ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

മറുപടിയായി ഒന്നാമിന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ റെഡ്, കരുൺ നായരുടേയും, നായകൻ പ്രിയങ്ക് പഞ്ചാലിന്റേയും ബാറ്റിംഗ് മികവിൽ മികച്ച രീതിയിൽ മുന്നോട്ട് പോയി. പഞ്ചാൽ 31 റൺസെടുത്ത് പുറത്തായെങ്കിലും കരുൺ, തന്റെ തകർപ്പൻ ഫോം തുടർന്നു. 106 പന്തുകളിൽ 14 ബൗണ്ടറികളടക്കം 77 റൺസ് നേടിയ കരുൺ നായരും, 22 റൺസെടുത്ത മഹിപാൽ ലോംററുമാണ് നിലവിൽ ക്രീസിലുള്ളത്. ഇപ്പോളും ഗ്രീനിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിനേക്കാൾ 300 റൺസ് പിന്നിലാണ് റെഡ്.