SHARE

ഏകദിന ക്രിക്കറ്റില്‍ നിന്നും ലോകകപ്പിനുശേഷം വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ജീന്‍പോള്‍ ഡുമിനി. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു പിന്നാലെ 50 ഓവര്‍ മതിയാക്കുമെന്ന് പറഞ്ഞെങ്കിലും ട്വന്റി-20യില്‍ രാജ്യത്തിനായി ഇനിയും കളിക്കുമെന്നും വ്യക്തമാക്കി. 2017ല്‍ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.

രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട കഴിഞ്ഞ കുറേ മാസങ്ങളില്‍ എന്റെ കരിയറിനെ കുറിച്ച് വിശകലനം ചെയ്യുവാനായി. ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളെ കുറിച്ചും എനിക്ക് ധാരണ ലഭിച്ചു. ഇതുപോലൊരു തീരുമാനം എടുക്കുക എളുപ്പമല്ല. ട്വന്റി-20യില്‍ ഞാന്‍ കളി തുടരും. എന്നാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവിടുവാനാണ് എനിക്ക് താത്പര്യമെന്നും ഡുമിനി വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് പറയുന്നു.

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍, പാക് പേസര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും ലോക കപ്പിന് ശേഷം കളി മതിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതീക്ഷയോടെ കരിയര്‍ തുടങ്ങിയെങ്കിലും ഇടക്കാലത്ത് പരിക്ക് പിടികൂടിയതോടെ കാര്യമായ മികവു പ്രകടിപ്പിക്കാന്‍ ഡുമിനിക്ക് സാധിച്ചില്ല. ട്വന്റി-20 ലീഗുകളില്‍ നിന്നും പുറന്തള്ളപ്പെട്ടു.