SHARE

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമുകളിൽ ഒന്നാണ് മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായ ചെന്നൈ സൂപ്പർ കിംഗ്സ്. കളിച്ച എല്ലാ സീസണുകളിലും പ്ലേ ഓഫിലെത്തിയ/ സെമി ഫൈനലിൽ എത്തിയ അവർ മൂന്ന് തവണ കിരീടവും നേടി. ഇപ്പോളിതാ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ സ്ഥിരതയ്ക്ക് കാരണം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലെ സീനിയർ താരങ്ങളിലൊരാളും മു‌ൻ ദക്ഷിണാഫ്രിക്കൻ നായകനുമായ ഫാഫ് ഡുപ്ലെസിസ്.

ചെന്നൈയുടെ ഡ്രെസ്സിംഗ് റൂമിനുള്ളിൽ എല്ലായ്പ്പോളും വലിയൊരു ആത്മവിശ്വാസമുണ്ടാകുമെന്നും അത് ടീമിന്റെ പ്രകടനത്തിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ടെന്നും ഡുപ്ലെസിസ് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഡ്രെസ്സിംഗ് റൂമിനുള്ളിൽ നിന്ന് വലിയ ആത്മവിശ്വാസം താരങ്ങൾക്ക് ലഭിക്കും. ഓരോ തവണയും വ്യത്യസ്ത താരങ്ങളായിരിക്കും ടീമിന്റെ വിജയത്തിനായി കഷ്ടപ്പെടുന്നത്. ഇങ്ങനെ എല്ലാവരും അവരുടേതായ അവസരങ്ങളിൽ ടീമിന്റെ മികച്ച പ്രകടനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു. എന്റെ അനുഭവത്തിൽ നിന്നു പറയുകയാണെങ്കിൽ ചെന്നൈയുടെ ഡ്രെസ്സിംഗ് റൂം വളരെ ശാന്തമാണ്. അത് പോലെ തന്നെ നന്നായി ചിന്തിക്കുന്ന നിരവധി താരങ്ങളും ഡ്രെസ്സിംഗ് റൂമിലുണ്ട്. ഇതെല്ലാം ടീമിന്റെ സ്ഥിരതയ്ക്ക്‌ കാരണമാകുന്നു.” ഡുപ്ലെസിസ് പറഞ്ഞുനിർത്തി.