SHARE

തോളിന് പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസിന് ശ്രീലങ്കയ്ക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമാകും. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഡുപ്ലെസിസിന്റെ തോളിന് പരിക്ക് പറ്റിയത്. നായകൻ പുറത്താവുന്നതോടെ അവസാന രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കൻ ടീമിന്റെ കരുത്ത് കുറയും.

പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാൻ ഡുപ്ലെസിസിന് ആറാഴ്ച വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അതേ സമയം ഡുപ്ലെസിസിന് പകരം പുതിയൊരു താരത്തെ ടീമിലെടുക്കേണ്ടെന്നാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. അഞ്ച് മത്സര പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ജെ.പി ഡുമിനി നായകനാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മൂന്ന് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക, രണ്ട് മത്സരങ്ങൾ ശേഷിക്കേ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.