SHARE

ഇന്ത്യയിലെ ഫുട്ബോൾ സീസണിന്റെ ഭാ​ഗമായി ഇക്കുറി ഡ്യൂറാൻഡ് കപ്പുമുണ്ട്. ഐഎസ്എൽ ടീമുകളുടെ കൂടി പങ്കാളിത്തമുണ്ടായിരുന്നതിനാൽ കഴിഞ്ഞ ഡ്യൂറാൻഡ് കപ്പ് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇക്കുറി സീസണിലെ ആകെ മത്സരങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാ​ഗമായാണ് ഡ്യൂറാൻഡ് കപ്പും ഇന്ത്യൻ ഫുട്ബോൾ കലണ്ടറിന്റെ ഭാ​ഗമാകുന്നത്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാം ഐഎസ്എൽ ക്ലബുകളും ഡ്യൂറാൻഡ് കപ്പിൽ പങ്കെടുക്കും. കഴിഞ്ഞ സീസണിൽ പങ്കെടുത്ത ചില ടീമുകൾ റിസർവ് സ്ക്വാഡിനെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ ഇക്കുറി എല്ലാം ക്ലബുകളും തങ്ങളുടെ ഫസ്റ്റ് സ്ക്വാഡിനെ തന്നെ ടൂർണമെന്റിന് അയക്കുമെന്നാണ് സൂചനകൾ. ഐഎസ്എൽ ക്ലബുകൾക്ക് പുറമെ സംഘാടകരായ ആർമിയുടെ ടീമുകളടക്കം ആകെ 20 ടീം ടൂർണമെന്റിൽ പങ്കെടുക്കുമെന്നാണ് സൂചനകൾ.

കഴിഞ്ഞ തവണ കൊൽക്കത്തയാണ് ഡ്യൂറാൻഡ് കപ്പിന് ആതിഥേയത്വം വഹിച്ചത്. എന്നാൽ ഇക്കുറി മൂന്ന് സംസ്ഥാനങ്ങളിലായാണ് ടൂർണമെന്റ് നടക്കുകയെന്നാണ് ജേണലിസ്റ്റ് സോഹൻ പോഡാർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബം​ഗാളിലെ കൊൽക്കത്തയ്ക്ക് പുറമെ അസമിലെ ​ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ ന​ഗരങ്ങളും ടൂർണമെന്റിന് വേദിയാകുമെന്നാണ് സോഹന്റെ ട്വീറ്റ്. ഓ​ഗസ്റ്റ് 14 മുതലാകും ടൂർണമെന്റ് തുടങ്ങാൻ സാധ്യതയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല.