SHARE

താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഡച്ച് ലീ​ഗ് സീസൺ ജൂണിൽ പുനരാരംഭിക്കും. ജൂൺ 19-ന് മത്സരങ്ങൾ വീണ്ടും നടത്തിത്തുടങ്ങനാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനവും ഔദ്യോ​ഗിക പ്രഖ്യാപനവും രണ്ടാഴ്ച കഴിഞ്ഞേ ഉണ്ടാകു എന്നാണ് സൂചന

കൊറോണ വൈറസ് ബാധ ​ഗുരുതരമായതോടെയാണ് യൂറോപ്പിലെ പ്രധാന ലീ​ഗുകളെല്ലാം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സ്ഥിതി​ഗതികൾ യൂറോപ്പിൽ വഷളാകുന്ന സാഹചര്യത്തിൽ ലീ​ഗ് റദ്ദാക്കാനോ, അല്ലെങ്കിൽ നേരത്തെ അവസാനിപ്പിച്ച് നിലവിലെ പോയിന്റ് പട്ടിക അനുസരിച്ച് വിജയികളെ നിശ്ചയിക്കാനോ ആവശ്യമുയരുന്നുണ്ട്. ഡച്ച് ലീ​ഗിൽ തന്നെ അയാക്സ്, പി.എസ്.വി.ഏന്തോവൻ തുടങ്ങിയ സൂപ്പർ ക്ലബുകളൊക്കെ സീസൺ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സീസൺ പൂർത്തിയാക്കുന്നതിനാണ് ഇപ്പോൾ അസോസിയേഷൻ തീരുമാനിച്ചത്.

ഇത് പ്രകാരം മെയ് 15 മുതൽ ടീമുകൾ താരങ്ങളുടെ ചെറുസംഘങ്ങളായി പരിശീലനം പുനരാംഭിക്കാനാണ് ആലോചന. മത്സരങ്ങൾ ജൂൺ 19-ന് തുടങ്ങിയാൽ തന്നെ ജൂലൈ അവസാനത്തോടെ പൂർത്തിയാക്കാനാണ് പദ്ധതി. അതേസമയം സീസൺ പുനരാരംഭിച്ചാലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരമെന്നാണ് സൂചന.