SHARE

സ്പാനിഷ് സൂപ്പർ‍ക്ലബ് ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന് ഏതാണ്ടുറപ്പിച്ച താരമാണ് നെതർലൻഡ്സിന്റെ ജോർജീനോ വൈനാൾഡം. ലിവർപൂളുമായി കരാർ അവസാനിക്കുന്നതോടെ ഈ മിഡ്ഫീൽഡർ ഫ്രീ ഏജന്റായി ബാഴ്സയിലേക്ക് വരുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ ഇതിനിടയിൽ അപ്രതീക്ഷിത നീക്കം നടത്തി പി.എസ്.ജി വൈനാൾഡത്തെ റാഞ്ചി.

ഇന്നലെ വൈനാൾഡത്തിന്റെ സൈനിങ് പി.എസ്.ജി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. പിന്നാലെ ക്ലബിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റീനോയാണ് താൻ പി.എസ്.ജിയിലേക്ക് വരാനുള്ള പ്രധാന കാരണമെന്ന് വെളിപ്പെടുത്തി.

പി.എസ്.ജി പോലെയൊരു ക്ലബിലെത്താൻ കഴിഞ്ഞതിൽ ഞാനേറെ സന്തോഷവാനാണ്. വളരെയേറെ മികച്ച കളിക്കാരുള്ള ടീമാണ് പി.എസ്.ജി, ഒപ്പം മികച്ചൊരു പരിശീലകനുമുണ്ട്, അദ്ദേഹവുമായി ഞാൻ സംസാരിച്ചിരുന്നു, ഞങ്ങൾ തമ്മിൽ വർഷങ്ങളായി അറിയുന്നവരുമാണ്, തന്റെ കളിക്കാരുടെ പ്രകടനം ഒരു പടി കൂടി മെച്ചപ്പെടുത്താൻ കഴിവുള്ള പരിശീലകനാണ് അദ്ദേഹം, ഒപ്പം ഈ കളിക്കാരെ ഒന്നിച്ചുകൂട്ടി അതിശക്തമായ ടീമൊരുക്കാനും അദ്ദേഹത്തിന് കഴിയും, ഈ ടീമിനൊപ്പം ഒരു ചരിത്രമെഴുതാനാണ് ഞാനിവിടെ വന്നത്, വൈനാൾഡം പറഞ്ഞു.