SHARE

നെതർലൻഡ് ഫുട്ബോളിന്റെ സുവർകാലത്തെ സൂപ്പർ താരങ്ങളിലൊരാളായ റാഫേൽ വാൻ ഡെർ വാർട്ട് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. നിരന്തരം വലയ്ക്കുന്ന പരിക്കിനെത്തുടർന്നാണ് 35-കാരനായ വാൻ ഡെർ വാർട്ട് കളിമതിയാക്കുന്നത്. 2013-ന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിലും വാൻ ഡെർ വാർട്ട് കളിച്ചിരുന്നില്ല.

ഏറെ നാളുകൾക്ക് ശേഷം നെതർലൻഡ് ഫുട്ബോളിന്റെ കരുത്തുകാട്ടിയ 2010 ലോകകപ്പ് കളിച്ച ടീമിൽ വാൻ ഡെർ വാർട്ടുണ്ടായിരുന്നു. സ്പെയിനെതിരായ ഫൈനൽ മത്സരത്തിൽ കുറേ സമയം ക്യാപ്റ്റന്റെ ആംബാൻഡ് അണിഞ്ഞതും ഈ അറ്റാക്കിങ് മിഡ്ഫീൽഡറായിരുന്നു. നെതർലൻഡിനായി 109 മത്സരങ്ങൾ കളിച്ച വാൻ ഡെർ വാർട്ട് 25 ​ഗോളുകളും നേടിയിട്ടുണ്ട്. രണ്ട് ലോകകപ്പുകളിലും മൂന്ന് യൂറോ കപ്പുകളിലും കളിച്ചിട്ടുണ്ട്.

റയൽ മഡ്രിഡ്, ടോട്ടനം ഹോട്സ്പർസ് , ഹാംബർ​ഗർ തുടങ്ങിയ ക്ലബുകളിൽ വാൻ ഡെർ വാർട്ട് കളിച്ചിട്ടുണ്ട്. നിലവിൽ ഡെന്മാർക്ക് ക്ലബായ എസ്ബെർ​ഗിലായിരുന്നു കളിച്ചിരുന്നത്. കഴിഞ്ഞ ദിവസം മത്സരത്തിനിടെ വാൻ ഡെർ വാർട്ടിന് പരിക്കേറ്റിരുന്നു. ഇതിൽ നിന്ന് മോചിതനാകാൻ ദീർഘകാലം എടുക്കുെമന്ന് വ്യക്തമായതോടെയാണ്, കളി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.