SHARE

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനം നെതർലൻഡ്സ് യുവതാരം സ്റ്റീവൻ ബെർ​ഗ്വിനെ ടീമിലെത്തിച്ചു. നെതർലൻഡ്സ് ക്ലബായ പി.എസ്.വി ഏന്തോവനിൽ നിന്നാണ് ഈ വിങ്ങർ ഇം​ഗ്ലണ്ടിലെത്തുന്നത്. അ‍ഞ്ച് വർഷത്തെ കരാറാണ് താരം ടോട്ടനവുമായി ഒപ്പുവച്ചത്.

വലിയ ട്രാൻസ്ഫറുകൾക്ക് ഇക്കുറി ടോട്ടനം മുതിർന്നേക്കില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാൽ ക്രിസ്റ്റ്യൻ എറിക്സൻ ക്ലബ് വിടാൻ തീരുമാനിച്ചതും പിന്നാലെ സൂപ്പർതാരം ഹാരി കെയ്ന് പരുക്കേൽക്കുകയും ചെയ്തതോടെ തീരുമാനം മാറ്റുകയായിരുന്നു ടോട്ടനം പരിശീലകൻ ഹോസെ മൗറീന്യോ. ഇതോടെ ആദ്യം പോർച്ചു​ഗീസ് താരം ​ഗെഡ്സൻ ഫെർണാണ്ടസിനെ ലോണിൽ സ്വന്തമാക്കിയ ടോട്ടനം പിന്നാലെ തന്നെ ലോണിൽ ക്ലബിലുണ്ടായിരുന്ന ജിയോവാനി ലോ കെൽസോയെ സ്ഥിരമായി സ്വന്തമാക്കി. ഇതിനടുത്ത ദിവസം തന്നെയാണ് ബെർ​ഗ്വിന്റെ കാര്യത്തിലും അതിവേ​ഗ തീർപ്പുണ്ടാക്കിയത്.

25 ദശലക്ഷം യൂറോ എന്ന വൻതുക മുടക്കിയാണ് ബെർ​ഗ്വിനെ ടോട്ടനം സ്വന്തമാക്കിയത്. 22-കാരനായ ബെർ​ഗ്വിൻ ഡച്ച് ദേശീയ ടീമിനായും ഇതിനകം ഏഴ് തവണ കളിച്ചിട്ടുണ്ട്. ടോട്ടനത്തിൽ മുമ്പ് എറിക്സൻ അണിഞ്ഞിരുന്ന 23-ാം നമ്പർ ജേഴ്സിയാണ് ബെർ​ഗ്വിന് നൽകിയിരിക്കുന്നത്.