SHARE

വെസ്റ്റിൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ആന്ദ്രെ റസൽ ടി20 ക്രിക്കറ്റിലെ ബ്രയാൻ ലാറയും, ക്രിസ് ഗെയിലുമാണെന്ന് വിൻഡീസ് സീനിയർ താരം ഡ്വെയിൻ ബ്രാവോ. കഴിഞ്ഞ ദിവസം ട്രിനിഡാഡിലെ റേഡിയോ സ്റ്റേഷനായ 1955 എഫ് എമ്മിനോട് സംസാരിക്കവെയായിരുന്നു ബ്രാവോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

റേഡിയോയിൽ സംസാരിക്കുന്നതിനിടെ റസലിനെ വാനോളം പുകഴ്ത്തിയ ബ്രാവോ പറയുന്നതിങ്ങനെ, “ആന്ദ്രെ റസൽ ലോകത്തെ ഏറ്റവും മികച്ച താരമാണ്. ക്രിസ് ഗെയിൽ അദ്ദേഹത്തിന്റെ കരിയറിന്റെ സുവർണ കാല ഘട്ടത്തിലായിരുന്ന സമയം അദ്ദേഹത്തെക്കുറിച്ചും ഞാൻ പറഞ്ഞത് ഇങ്ങനെയാണ്. റസൽ വിൻഡീസ് ടീമിനെ പ്രതിനിധീകരിക്കുന്നത് ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് എന്തെന്നാൽ റസൽ ടീമിലുള്ളത് കൊണ്ട് ഞങ്ങൾക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിനെതിരെ ബോൾ ചെയ്യേണ്ടി‌വരുന്നില്ല. റസൽ ഇപ്പോൾ ടി20 ഫോർമ്മാറ്റിൽ ഞങ്ങളുടെ ക്രിസ് ഗെയിലാണ്, ബ്രയാൻ ലാറയാണ്. അദ്ദേഹം ഒരു സൂപ്പർ സ്റ്റാറാണ്.” ബ്രാവോ പറഞ്ഞുനിർത്തി.