SHARE

ട്രേഡിംഗിലൂടെ കരീബിയൻ പ്രീമിയർ ലീഗിൽ‌ ടീം മാറ്റം നടത്തി വെസ്റ്റിൻഡീസ് സൂപ്പർ താരം ഡ്വെയിൻ ബ്രാവോ. ടൂർണമെന്റിൽ നേരത്തെ ട്രിൻബാബോ നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന ബ്രാവോ, ഫ്രാഞ്ചൈസി മാറാനുള്ള ആവശ്യവുമായി അവരെ സമീപിക്കുകയായിരുന്നു‌. ബ്രാവോയുടെ ആവശ്യം അംഗീകരിച്ച നൈറ്റ് റൈഡേഴ്സ്, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് ടീമിലേക്ക് അദ്ദേഹത്തെ കൈമാറുകയായിരുന്നു.

ബ്രാവോ സെന്റ് കിറ്റ്സിലെത്തുമ്പോൾ പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ദിനേഷ് രാംദിൻ നൈറ്റ് റൈഡേഴ്സിലേക്ക് വരും. ഇന്നലെയാണ് ഈ ട്രേഡിന്റെ വിവരങ്ങൾ ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് ഔദ്യോഗികമായി പുറത്ത് വിട്ടത്.

ഡ്വെയിൻ ബ്രാവോയെ ട്രേഡിലൂടെ സെന്റ് കിറ്റ്സിന് നൽകിയ കാര്യം പ്രഖ്യാപിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ് റിലീസിൽ വരും സീസണിൽ പൊള്ളാർഡാകും തങ്ങളെ നയിക്കുകയെന്നും ട്രിൻബാബോ നൈറ്റ് റൈഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. സുനിൽ നരൈനെയാണ് അവർ ഉപനായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.

അതേ സമയം ട്രിൻബാബോ ഫ്രാഞ്ചൈസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് ഡ്വെയിൻ ബാവോ ഇക്കുറി ഫ്രാഞ്ചൈസി വിടുന്നത്. 2013 ൽ അവർക്കൊപ്പം ചേർന്ന ബ്രാവോ, ഏറെ നാൾ ടീമിന്റെ നായകനുമായിരുന്നു. ബ്രാവോയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ് 2015, 2017, 2018 വർഷങ്ങളിൽ ടീം കരീബിയൻ പ്രീമിയർ ലീഗ് കിരീടവും ചൂടിയത്.