SHARE

ചെന്നൈ സൂപ്പര്‍കിംഗ്‌സിന് സന്തോഷകരമല്ലാത്തൊരു വാര്‍ത്ത പുറത്ത്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് അടുത്ത രണ്ടാഴ്ച്ച കളിക്കാനാകില്ല. പേശീവലിവാണ് കാരണം. ചെന്നൈയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ബ്രാവോയുടെ അഭാവം. ബാറ്റിംഗിലും ബൗളിംഗിലും വിശ്വസ്ത താരമാണ് ഈ കരീബിയന്‍ ഓള്‍റൗണ്ടര്‍.

കിംഗ്‌സ് ഇലവനെതിരായ മത്സരത്തിനുള്ള തയാറെടുപ്പിനിടെയാണ് ചെന്നൈയ്ക്ക് ഞെട്ടലായി വാര്‍ത്ത പുറത്തുവരുന്നത്. ബാറ്റിംഗ് കോച്ച് മൈക് ഹസിയാണ് പരിക്ക് സ്ഥിരീകരിച്ചത്. അവസാന ഓവറുകളില്‍ ചെന്നൈയുടെ ബൗളിംഗിനെ നയിക്കുന്നത് ബ്രാവോയാണ്. ഒരു മത്സരത്തിലൊഴികെ ബ്രാവോ തന്റെ റോള്‍ ഭംഗിയായി നിറവേറ്റുകയും ചെയ്തു.

അടുത്ത രണ്ടാഴ്ച്ചക്കാലം ബ്രാവോയുടെ പരിക്കിനൊപ്പം മറ്റു ചില താരങ്ങളുടെ വിടപറയലും ചെന്നൈയ്ക്ക് തിരിച്ചടിയാകും. ഫഫ് ഡുപ്ലിസിയും ഇമ്രാന്‍ താഹിറും ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി സ്വദേശത്തേക്ക് മടങ്ങും. ഷെയ്ന്‍ വാട്‌സനാകട്ടെ പന്തെറിയാന്‍ പറ്റുകയുമില്ല. ധോണിയുടെ ടീമിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന മത്സരങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് തന്നെ പറയാം.