SHARE

ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിക്കൊപ്പം അർജന്റീനാ ടീമിൽ പന്ത് തട്ടാൻ തനിക്ക് കഴിയുമെന്ന് അവരുടെ യുവ സൂപ്പർ താരം പൗളോ ഡിബാല. ആദ്യ മത്സരത്തിൽ ഐസ്ലൻഡിനോട് സമനില വഴങ്ങി ലോകകപ്പിന് തുടക്കം കുറിച്ച അർജന്റീന തങ്ങളുടെ രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയെ നേരിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഡിബാല മനസ് തുറന്നത്.

നേരത്തെ ലോകകപ്പ് തുടങ്ങുന്നതിന് മുൻപ്, മെസി -ഡിബാല സഖ്യം മുന്നേറ്റത്തിൽ ഒരുമിച്ച് കളിക്കാൻ പ്രാപ്തമായിട്ടില്ലെന്ന് അർജന്റീനൻ പരിശീലകൻ ജോർജ് സാമ്പോളി പറഞ്ഞിരുന്നു. എന്നാൽ മെസിയുമായി മികച്ച പരസ്പര സഹകരണത്തിൽ കളിക്കാൻ തനിക്ക് കഴിയുമെന്ന് വ്യക്തമാക്കുകയായിരുന്നു ഡിബാല.

”മെസിക്ക് പകരക്കാരനായി കളത്തിലിറങ്ങുന്നതല്ല, മറിച്ച് മെസിക്കൊപ്പം കളിക്കുന്നതാണ് മികച്ചതെന്ന് തനിക്ക് തോന്നുന്നു. ലോകത്തെ ഏറ്റവും മികച്ച താരം തങ്ങൾക്കൊപ്പമുള്ളതിന്റെ മുൻ തൂക്കം, കളിക്കുന്ന മത്സരങ്ങളിലെല്ലാം തങ്ങൾക്കൊപ്പമുണ്ട്. എതിർ താരങ്ങൾ മെസിയെ മാർക്ക് ചെയ്യാൻ പോകുമ്പോൾ ടീമിലെ ബാക്കി താരങ്ങൾക്ക് ലഭിക്കുന്ന സ്പേസ് കൃത്യമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ തങ്ങൾക്ക് മികച്ച മത്സരഫലം സ്വന്തമാക്കാൻ കഴിയും ” ഡിബാല പറഞ്ഞു. ഐസ്ലൻഡിനെതിരായ ആദ്യ മത്സരത്തിൽ സമനിലവഴങ്ങിയ അർജന്റീനയുടെ രണ്ടാം മത്സരം ഈ വ്യാഴാഴ്ച്ച ക്രൊയേഷ്യക്കെതിരെയാണ്‌.