SHARE

അയർലൻഡിനെതിരെ ഈ മാസാവസാനം നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കളിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴുത്തിനേറ്റ പരിക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലുള്ള കോഹ്ലി ജൂൺ പതിനഞ്ചാം തീയതി ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകുന്നുണ്ട്. ഇതിന് ശേഷമാകും താരം ഇന്ത്യയുടെ അടുത്ത മത്സരങ്ങളിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ കഴിയൂ. എങ്കിലും കഴുത്തിനേറ്റ പരിക്കിൽനിന്ന് ഈ മാസം പകുതിയോടെ തന്നെ കോഹ്ലി പൂർണമായും മോചിതനാകും എന്നാണ് റിപ്പോർട്ട്.

നേരത്തെ അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം കോഹ്ലി കളിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ വർഷത്തെ ഐപിഎല്ലിന് ശേഷം കൗണ്ടി ടീമായ സറേയിൽ കളിക്കാൻ ഒരു മാസ കരാറിൽ ഒപ്പിട്ടിരുന്ന കോഹ്ലിക്ക് അയർലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ ടി20 മത്സരം നടക്കുന്ന ദിവസം കൗണ്ടി മത്സരമുണ്ടായിരുന്നതാണ് ഇതിന് കാരണം. എന്നാൽ നിലവിൽ കഴുത്തിനേറ്റ പരിക്കിനെ തുടർന്ന് കോഹ്ലി സറേ ടീമിൽ നിന്ന് പിന്മാറിയിരുന്നു. ഇത് കൊണ്ടു തന്നെ ഈ മാസം കോഹ്ലിക്ക് മറ്റു മത്സരങ്ങളൊന്നുമില്ല.

-Advertisement-

കോഹ്ലി അയർലൻഡിനെതിരായ മുഴുവൻ മത്സരങ്ങളിലും കളിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉദ്യോഗസ്ഥനും പറയുന്നു.ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് ഓരോ താരത്തിന്റേയും ഉത്തരവാദിത്വമാണെന്നും കോഹ്ലി ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറയുന്നു. അഥവാ കോഹ്ലിക്ക് ഇനിയും വിശ്രമം വേണമെന്ന് തോന്നിയാൽ അതിനുള്ള സാഹചര്യവും തങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വേണ്ടപ്പോളൊക്കെ ടീം ഇന്ത്യ അദ്ദേഹത്തിന് വിശ്രമവും അനുവദിക്കാറുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലും, പിന്നാലെ നടന്ന നിദാഹാസ് ട്രോഫിയിലും കോഹ്ലി പിന്മാറിയത് ഇതേ വിശ്രമത്തിന്റെ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു.