കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ മുഹൂര്‍ത്തം നിറഞ്ഞ മത്സരത്തിനാണ്. മികച്ച മുന്നേറ്റങ്ങളും നാല് ഗോളുകളും രണ്ടാം പകുതിയില്‍ പിറന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര് ഐസ്വാള്‍ എഫ് സി ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ചു.
ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ തങ്ങളുടെ ടീമിന്റെ ഈ സീസണിലെ ആദ്യ മത്സരത്തെ വളരെ പ്രതീക്ഷയോടെ ആയിരുന്നു നോക്കി കണ്ടത്. ഗോള്‍ ക്ഷാമം നേരിട്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു . എങ്കിലും എതിര് ഗോള്‍ മുഖത്ത് കൂടുതല്‍ അപകടം വിതച്ചത് ഈസ്റ്റ് ബംഗാള്‍ ആയിരുന്നു.
തുടര്‍ച്ചയായ മുന്നേറ്റങ്ങളുടെ പ്രതിഫലമായി 66ആം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഫെരേര ഹെഡ് ചെയ്തു ലക്ഷ്യത്തില്‍ എത്തിച്ചു. കാസുമി എടുത്ത കോര്‍ണര്‍ ബ്രണ്ടന്റെ തലയില്‍ ഇടിച്ചതിന് ശേഷം ആയിരുന്നു ടീം മേറ്റ് ഫെരേരക്ക് ലഭിച്ചത്.
ആറ് മിനിട്ടുകള്‍ക്ക് ശേഷം മലയാളി താരം റഫീക്കിന്റെ ഷോട്ടില്‍ കാല് വെച്ച കാസുമിയുടെ നീക്കം ഭാഗ്യത്തിന്റെ അകമ്പടിയോടെ ഗോള്‍ വലയില്‍ മുത്തിയപ്പോള്‍ സ്കോര്‍ 2-0 എന്ന നിലയില്‍ ആയി. പക്ഷെ രണ്ട് ഗോളിന് പിന്നില്‍ ആയതിന് ശേഷം മുന്‍ വര്‍ഷത്തെ പോരാട്ട വീര്യം കളിക്കളത്തില്‍ പ്രകിടിപ്പിച്ച ഐസ്വാള്‍ എഫ് സി ഈസ്റ്റ് ബംഗാള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി.
ഇന്ത്യന്‍ ദേശീയ താരം ലാല്നുഫെലയുടെ ഇരട്ട ഗോള്‍ മികവിനായിരുന്നു പിന്നീട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എതിര് ടീമിന്റെ ആടിയുലഞ്ഞ പ്രതിരോധ നിരയുടെ പിഴവ് മുതലാക്കി 74ആം മിനിറ്റില്‍ ഐസ്വാള്‍ താരം ടീമിന്റെ ആദ്യ ഗോള്‍ നേടി സ്കോര്‍ 2-1 ആക്കി.
അവസാന നിമിഷത്തെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ മുഖത്തെ കൂട്ടപൊരിച്ചിലിന് ഒടുക്കം 96ആം മിനിറ്റില്‍ അവസാന വിസിലിന് തൊട്ട് മുമ്പ് ഒരിക്കല്‍ കൂടി ഗോള്‍ നേടി ലാല്നുഫെല ക്ളബ്ബിന് സമനില നേടി കൊടുത്തു. ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം ഡിസംബര്‍ 3 ഞായറാഴ്ച ചിരവൈരികള്‍ ആയ മോഹന്‍ ബഗാന് എതിരെയാണ്.