ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഈസ്റ്റ് ബംഗാളിനെ സീസണിൽ സ്കോട്ടിഷ് താരം ഡാനി ഫോക്സ് നയിക്കും. പ്രതിരോധതാരമായ ഫോക്സിനെ ക്യാപ്റ്റനായി നിയോഗിച്ച കാര്യം ക്ലബ് തന്നെയാണ് അറിയിച്ചത്. നാളെ എ.ടി.കെ മോഹൻ ബഗാനെതിരെയാണ് ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന്റെ ആദ്യ മത്സരം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടൻ, ബേൺലി തുടങ്ങിയ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ഫോക്സ്. സ്കോട്ടിഷ് ലീഗിൽ കെൽറ്റിക്കിനായും മറ്റ് ഒരുപിടി ഇംഗ്ലീഷ് ക്ലബുകൾക്കായും ഫോക്സ് കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ അണ്ടർ 21 ടീമിനായി കളിച്ചിട്ടുള്ള ഫോക്സ് പിന്നീട് സ്കോട്ട്ലൻഡ് ദേശീയ ടീമിന്റെ ജേഴ്സിയുമണിഞ്ഞു. ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ സ്ഥാനം വളരെ വലിയ ഉത്തരവാദിത്വമാണെന്നും താൻ അതിന് തയ്യാറാമെന്നുമാണ് 34-കാരനായ ഫോക്സ് പറയുന്നത്.
ഐറിഷ് വിങ്ങറായ ആന്റണി പിൽക്കിങ്ടനാണ് ക്ലബിന്റെ വൈസ് ക്യാപ്റ്റൻ. നോർവിച്ച് സിറ്റിക്കായി പ്രീമിയർ ലീഗിൽ കളിച്ചിട്ടുള്ള പിൽക്കിങ്ടൻ, കാർഡിഫ് സിറ്റി, വിഗാൻ അത്ലെറ്റിക്ക് തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകളിലും കളിച്ചിട്ടുണ്ട്.