SHARE

വിദേശതാരങ്ങളുടെ സൈനിങ്ങിലൂടെ ആരാധകരെ ഞെട്ടിച്ച് ഈസ്റ്റ് ബം​ഗാൾ. ഒറ്റയടിക്ക് അഞ്ച് വിദേശികളുടെ സൈനിങ്ങാണ് ഈസ്റ്റ് ബം​ഗാൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇമാമി ​ഗ്രൂപ്പിന്റെ പ്രെസ് റിലീസിലാണ് ഇക്കാര്യം പുറത്തുവിട്ടത്.

ബ്രസീലിയൻ താരങ്ങളായ അലക്സ് ലിമ, ക്ലെയ്റ്റൻ സിൽവ, എലിയാൻഡ്രോ, സ്പാനിഷ് താരം ഇവാൻ ​ഗോൺസാലസ്, സൈപ്രസ് താരം ചാരലാംപോസ് കൈരിയാക്കോ എന്നിവരെയാണ് ഈസ്റ്റഅ ബം​ഗാൾ സ്വന്തമാക്കിയത്. ഇതിൽ മുന്നേറ്റതാരം ക്ലെയ്റ്റൻ സിൽവ, മധ്യനിരതാരം ലിമ, സെന്റർ ബാക്ക് ഇവാൻ എന്നിവർ ഇന്ത്യയിൽ പരിചയസമ്പത്തുള്ളവരാണ്. ഇവാൻ കഴിഞ്ഞ സീസണിൽ ​ഗോവയിലും ലിമ ജെംഷദ്പുരിലും സിൽവ ബെം​ഗളുരു എഫ്സിയിലുമാണ് കളിച്ചത്.

പുതിയ താരങ്ങളിൽ എലിയൻഡ്രോ മുന്നേറ്റതാരമാണ്. 32-കാരനായ എലിയാൻഡ്രോ, മാൾട്ട, ലിത്വാനിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായി മുമ്പ് കളിച്ചിട്ടുണ്ട്. 32 വയസ് തന്നെയുള്ള കൈരിയാക്കോ ഡിഫൻഡറാണ്. സൈപ്രസ് ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ്.

പുതിയ താരങ്ങളിൽ കൈരിയാക്കോ നാളെ കൊൽക്കത്തയിലെത്തും. മറ്റ് താരങ്ങൾ അടുത്തയാഴ്ച ഇന്ത്യയിലേക്ക് വരും. ഇനി ഏഷ്യൻ താരത്തിന്റെ സൈനിങ്ങാണ് ഈസ്റ്റ് ബം​ഗാളിന് ബാക്കിയുള്ളത്. അത് ഉടനെയുണ്ടാകുമെന്നാണ് ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത്.