SHARE

അടുത്ത മാസം നടക്കാനിരിക്കുന്ന ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ 9 ഇന്ത്യൻ താരങ്ങളെ ലോണിനയക്കാൻ തയ്യാറെടുത്ത് ഐ എസ് എൽ ക്ലബ്ബായ ഈസ്റ്റ് ബെംഗാൾ. മലയാളി സൂപ്പർ താരം സികെ വിനീത് അടക്കമുള്ള താരങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. ഗോൾ ഡോട്ട് കോം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സി കെ വിനീതിന് പുറമേ, ബൽവന്ത് സിംഗ്, ഗുർത്തേജ് സിംഗ്, റഫീഖ് അലി സർദാർ, യൂജിൻസൺ ലിംഗ്ദോ, സമദ് അലി മാലിക്ക്, അഭിഷേക് അംബേക്കർ, മൊഹമ്മദ് ഇർഷാദ്, അനിൽ ചവാൻ എന്നീ കളികാരെയാണ് അടുത്ത മാസം ഈസ്റ്റ് ബെംഗാൾ ലോണിനയക്കുന്നത്.

ഇതിൽ പ്രതിരോധ താരം ഗുർത്തേജ് സിംഗ്, ഗോൾകീപ്പർ റഫീഖ് അലി സർദാർ എന്നിവരെ കൊൽക്കത്തൻ ക്ലബ്ബായ മൊഹമ്മദൻസിലേക്കാണ് ഈസ്റ്റ് ബെംഗാൾ ലോണിനയക്കുന്നത്. കഴിഞ്ഞ രാത്രിയിൽ കൊൽക്കത്തയിലേക്ക് തിരിച്ച ഇരു താരങ്ങളും ഐലീഗ് ക്ലബ്ബിന്റെ ബയോ ബബിളിൽ പ്രവേശിച്ചു കഴിഞ്ഞു.

മധ്യനിര താരമായ യൂജിൻസൺ ലിംഗ്ദോ മറ്റൊരു ഐ എസ് എൽ ക്ലബ്ബിലേക്ക് പോകുമെന്നാണ് വിശ്വസനീയമായ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന‌. ശേഷിക്കുന്ന 6 താരങ്ങൾക്ക് ഇതു വരെ ക്ലബ്ബ് കണ്ടു പിടിക്കാൻ ഈസ്റ്റ് ബെംഗാളിന് കഴിഞ്ഞിട്ടില്ല. അടുത്ത മാസം ഈ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു കഴിഞ്ഞ ഈസ്റ്റ് ബെംഗാൾ ഇവർക്ക് അനുയോജ്യമായ ക്ലബ്ബുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലാണ്.

അതേ സമയം ഈ സീസണിൽ ഐ എസ് എല്ലിലേക്ക് പ്രവേശനം നേടിയെത്തിയ ഈസ്റ്റ് ബെംഗാൾ ആറ് മത്സരങ്ങളിൽ രണ്ട് പോയിന്റുകൾ മാത്രം നേടി പോയിന്റ് പട്ടികയിൽ നിലവിൽ അവസാന സ്ഥാനത്താണ്. ടീമിന്റെ പ്രകടനത്തിൽ അസ്വസ്ഥനായ പരിശീലകൻ റോബി ഫൗളർ, പല തവണ ടീമിലെ ഇന്ത്യൻ താരങ്ങളുടെ നിലവാരമില്ലായ്മയെ പരസ്യമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 9 ഇന്ത്യൻ താരങ്ങളെ ലോണിനയക്കാൻ ഈസ്റ്റ് ബെംഗാൾ തീരുമാനമെടുത്തത്.