SHARE

ഗോകുലം കേരള എഫ്‌സി ശക്തരായ ഈസ്റ്റ് ബംഗാളിനോട് 1-0ത്തിന് പൊരുതിതോറ്റു. സാള്‍ട്ട് ലേക് സ്‌റ്റേഡിയത്തില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റഫീഖ് 44മത്തെ മിനിറ്റില്‍ നേടിയ ഗോളാണ് കളിയില്‍ നിര്‍ണായകമായത്. ആദ്യ പകുതിയിലെ ചില കണ്ണഞ്ചിപ്പിക്കുന്ന നീക്കങ്ങളിലൂടെ കളിയാരാധകരുടെ മനംകവര്‍ന്നാണ് ബിനോ ജോര്‍ജിന്റെ ടീം മൈതാനം വിട്ടത്. തുടക്കം മുതല്‍ എതിരാളികളെ വെള്ളംകുടിപ്പിച്ച ഗോകുലത്തിന് വിനയായത് അവസാന നിമിഷത്തിലെ പിഴവാണ്.

ഈസ്റ്റ് ബംഗാളിനെതിരേ ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ സാധിച്ചാല്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന പ്രഖ്യാപനത്തോടെ കളത്തിലിറങ്ങിയ ഗോകുലം തുടക്കം മുതല്‍ പ്രതിരോധത്തിനാണ് കൂടുതല്‍ ശ്രമിച്ചത്. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പര്‍ താരം കാമോ ബായി തിരിച്ചെത്തിയതിന്റെ ആവേശം കേരള നിരയില്‍ പ്രകടമായിരുന്നു. വലിയ എതിരാളികള്‍ക്കെതിരേ തുടക്കത്തില്‍ താളം കണ്ടെത്താന്‍ ഗോകുലത്തിന് സാധിച്ചില്ല. എന്നാല്‍ പതിയെ കളിയിലേക്ക് തിരിച്ചെത്തിയ ഗോകുലം ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ ആദ്യ പകുതിയില്‍ നടത്തി.

മറുവശത്ത് ഒന്നാം സ്ഥാനക്കാരായ മിനര്‍വ പഞ്ചാബിനേക്കാള്‍ മൂന്നു പോയിന്റ് പിന്നിലുള്ള കൊല്‍ക്കത്തന്‍ നിര ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. ആതിഥേയരെ ഞെട്ടിച്ച് പതിനേഴാം മിനിറ്റില്‍ കാമോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിതെറിച്ചു. ചെറിയ മീനുകളല്ല തങ്ങളെന്ന് ആദ്യ 25 മിനിറ്റില്‍ തന്നെ തെളിയിക്കാന്‍ ഗോകുലത്തിനായി. കളിക്കിടെ പലപ്പോഴും പരുക്കന്‍ അടവുകള്‍ ബംഗാള്‍ നിര പുറത്തെടുത്തതോടെ കളിയും ചൂടുപിടിച്ചു.

ആദ്യ പകുതി ഗോള്‍രഹിതമായി കടന്നു പോകുമെന്ന് ഏവരും കരുതിയിരിക്കുമ്പോഴാണ് ഗോകുലത്തിന്റെ ചെറിയൊരു പിഴവില്‍ നിന്ന് ബംഗാള്‍ ലീഡ് നേടുന്നത്. അനാവശ്യ രകോര്‍ണര്‍ വഴങ്ങിയ ഗോകുലത്തിന് നാല്പത്തിനാലാം മിനിറ്റില്‍ പിഴച്ചു. അല്‍ അമ്‌നാസ് എടുത്ത കോര്‍ണറില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റഫീഖിന്റെ തകര്‍പ്പന്‍ ബുള്ളറ്റ് ഷോട്ട് ഗോകുലം ഗോളിക്ക് യാതൊരു അവസരവും നല്കാതെ വലയില്‍ തറച്ചുകയറി.