SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കുള്ള അവസാന സൈനിങ്ങും ഈസ്റ്റ് ബം​ഗാൾ പൂർത്തിയാക്കി. ക്രൊയേഷ്യയിൽ നിന്നുള്ള മുന്നേറ്റതാരം അന്റോണിയോ പെറോസെവിച്ചാണ് ടീമിനൊപ്പം ചേരുന്നത്. ക്ലബ് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു.

29-കാരനായ പെറോസെവിച്ച് ക്രൊയേഷ്യൻ ദേശീയ ടീമിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ്. ഒരു വർഷത്തെ കരാറിലാണ് ഈ താരം കൊൽക്കത്ത ക്ലബിനൊപ്പം ചേരുന്നത്. ക്രൊയേഷ്യയിലെ സൂപ്പർ ക്ലബായ ഓസിജെക്കിനായി 2010 മുതൽ ഏഴ് വർഷത്തോളം കളിച്ച താരമാണ് പെറോസെവിച്ച്. പിന്നീട് ഹം​ഗറി, യുഎഇ എന്നീ രാജ്യങ്ങളിലും കളിച്ചശേഷമാണ് ഈ 29-കാരൻ ഇന്ത്യയിലേക്കെത്തുന്നത്.

സീസണിൽ ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്യുന്ന രണ്ടാം ക്രൊയേഷ്യൻ താരമാണ് പെറോസെവിച്ച്. നേരത്തെ പ്രതിരോധതാരം ഫ്രാനോ പെർസെയേയും ഈസ്റ്റ് ബം​ഗാൾ ക്രൊയേഷ്യയിൽ നിന്ന് ഒപ്പം കൂട്ടിയിരുന്നു. സ്ലോവിനിയയുട അമിർ ഡെർവിസെവിച്ച്, ഓസ്ട്രേലിയയുടെ ടോമിസ്ലാവ് മർജേല, നെതർലൻഡ്സിന്റെ ഡാരൻ സിഡോയെൽ, നൈജീരിയയുട ഡാനിയൽ ചിമ എന്നിവരാണ് ക്ലബ് സെൻ ചെയ്ത മറ്റ് വിദേശതാരങ്ങൾ.