SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന്റെ സഹപരിശീലകൻ തോർഹാളർ സി​ഗുർസൻ ക്ലബ് വിട്ടു. ഈ സീസണിൽ ക്ലബ് ഒപ്പം കൂട്ടിയ പരിശീലകനാണ് ഐസ്‌ലാൻഡിൽ നിന്നുള്ള സി​ഗുർസൻ. ഇപ്പോൾ ഏഴ് മാസത്തെ സേവനത്തിന് ശേഷം സി​ഗർസനെ ഈസ്റ്റ് ബം​ഗാൾ പുറത്താക്കിയിരിക്കുകയാണ്.

ഐഎസ്എല്ലിൽ ഇക്കുറിയും ഈസ്റ്റ് ബം​ഗാളിന് പ്ലേ ഓഫിലെത്താൻ സാധിച്ചില്ല. ഇതിന്റെ തുടർച്ചയായി വൻ അഴിച്ചുപണി ക്ലബിലുണ്ടാകുമെന്ന സൂചനയാണ് സി​ഗുർസന്റെ പുറത്താകലിലൂടെ ലഭിച്ചിരിക്കുന്നത്. ക്ലബിന്റെ ഇം​ഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ താൽപര്യപ്രകാരമാണ് സി​ഗുർസനെ കൊണ്ടുവന്നത്. ഇപ്പോൾ സി​ഗുർസൻ പുറത്തായതോടെ കോൺസ്റ്റന്റൈന്റേയും പണി പോകാനുള്ള സാധ്യത തെളിയുന്നുണ്ടെന്നാണ് സൂചന.

മുമ്പ് പലവട്ടം അടുത്ത സീസൺ കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് കോൺസ്റ്റന്റൈൻ പറഞ്ഞിട്ടുള്ളത്. എന്നാൽ തനിക്ക് ഇതുവരെ പുതിയ കരാർ വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നും തുടരാൻ താൽപര്യമുണ്ടോ എന്ന ക്ലബ് അധികൃതർ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അവസാന പത്രസമ്മേളനത്തിൽ കോൺസ്റ്റന്റൈൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കോൺസ്റ്റൈൻ പുറത്താകുമോയെന്നത് കാത്തിരുന്ന് കാണണം.