പലവിധ പ്രശ്നങ്ങളിൽപ്പെട്ട് പതറുകയാണ് ഐഎസ്എൽ ക്ലബ് ഈസ്റ്റ് ബംഗാൾ. പുതിയ നിക്ഷേപകർ ക്ലബിലെത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കവെതന്നെ ഈസ്റ്റ് ബംഗാളിന് ട്രാൻസ്ഫർ വിലക്ക് നേരിട്ടതായും സൂചനളുണ്ട്. ചില കളിക്കാരുടെ ശമ്പളക്കുടിശിക കൊടുത്തുതീർക്കാത്തതിനാൽ ക്ലബിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയതായി വാർത്തകളുണ്ട്.
ഐഎസ്എൽ ഏഴാം സീസണിൽ ക്ലബിനായി കളിച്ച മലയാളികളായ സികെ വിനീത്, റിനോ ആന്റോ തുടങ്ങിയ ഏഴ് താരങ്ങളുടെ പ്രതിഫലത്തെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്. ഏതാണ്ട് ഒന്നരക്കോടി രൂപയാണ് ഈ താരങ്ങളെല്ലാവർക്കും ചേർത്ത് കൊടുത്തുതീർക്കാനുള്ളത്. കളിക്കാർ പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റിയെ സമീപിച്ചതോടെ, 45 ദിവസത്തിനുള്ള ഈ കുടിശിക തീർക്കണമെന്ന് ഈസ്റ്റ് ബംഗാളിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇത് നടപ്പാക്കിയിട്ടില്ല ഇതുവരെ. ഈ സാഹചര്യത്തിലാണ് വിലക്കെന്നാണ് സൂചന.
ക്ലബ് നിക്ഷേപകരായ ശ്രീ സിമെന്റ്സ് ഈ കുടിശികയുടെ ഉത്തരവാദിത്വം ഏറ്റെടുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. മാത്രവുമല്ല അവർ ഈസ്റ്റ് ബംഗാളുമായി വഴിപിരിയുകയാണെന്നും ഉറപ്പാണ്. ഈ സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കേണ്ടത് ക്ലബിന്റെ ഉത്തരവാദിത്വമാണ്.
ഇപ്പോൾ ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈസ്റ്റ് ബംഗാൾ നേതൃത്വം ഈ താരങ്ങളെ സമീപിച്ചുകഴിഞ്ഞു. പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റി ഉത്തരവിട്ട അത്രയും തുക നൽകില്ല, എങ്കിലും അതിൽ കുറഞ്ഞ തുക നൽകി പ്രശ്നം പരിഹരിക്കാനാണ് ക്ലബിന്റെ നീക്കം. കളിക്കാർ ഇത് അംഗീകരിക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്.