SHARE

ഡ്യൂറാൻഡ് കപ്പിൽ ഈസ്റ്റ് ബം​ഗാളിന് രണ്ടാം ജയം. ​ഗ്രൂപ്പ് എയിലെ മത്സരത്തിൽ ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സിയെയാണ് ഈസ്റ്റ് ബം​ഗാൾ തകർത്തത്. ​ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആർമി റെഡിനെ ഈസ്റ്റ് ബം​ഗാൾ തോൽപ്പിച്ചിരുന്നു.

കൊൽക്കത്തിയിലെ ഈസ്റ്റ് ബം​ഗാളിന്റെ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജെംഷദ്പുരിനെ എതിരില്ലാത്ത ആറ് ​ഗോളിനാണ് ആതിഥേയർ തകർത്തത്. മത്സരത്തിന്റെ ഇരു പകുതികളിലുമായി മൂന്ന് വീതം ​ഗോളാണ് ഈസ്റ്റ് ബം​ഗാൾ നേടിയത്. മത്സരത്തിന്റെ അഞ്ച്, ആറ് മിനിറ്റികുളിൽ സ്പാനിഷ് താരം ജെയ്മി കൊളാഡോ നേടിയ ഇരട്ട ​ഗോളിൽ തന്നെ ഈസ്റ്റ് ബം​ഗാൾ നയം വ്യക്തമാക്കിയിരുന്നു. 31-ാം മിനിറ്റിൽ പിന്റു മഹാത കൂടി ​ഗോളടിച്ചതോടെ ഈസ്റ്റ് ബം​ഗാൾ വിജയം ഉറപ്പിച്ചതായിരുന്നു.

രണ്ടാം പകുതിയിൽ 75-ാം മിനിറ്റിൽ ബിദ്യാസാ​ഗർ സിങ്ങിലൂടെ ആതിഥേയർ ലീഡുയർത്തി. രണ്ട് മിനിറ്റിന് ശേഷം ബിദ്യാസാ​ഗറും തന്റെ രണ്ടാം ​ഗോൾ നേടി. ഒടുവിൽ ഇഞ്ച്വറി ടൈമിൽ ബോയിതാങ് ഹാവോകിപ് ജെംഷദ്പൂരിന്റെ പെട്ടിയിൽ ആറാമത്തെ ആണിയുമടിച്ചു.