SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ വിജയം ഈസ്റ്റ് ബം​ഗാൾ നേടിയത് കഴിഞ്ഞ ദിവസമാണ്. പുതിയ പരിശീലകനായി മരിയോ റിവേറ എത്തിയശേഷം നടന്ന ആദ്യമത്സരത്തിൽ തന്നെ വിജയം നേടിയത് ഈസ്റ്റ് ബം​ഗാളിന് പുതിയ ഉണർവ് പകർന്നുണ്ട്. എന്നാൽ ടീമിലെ പ്രതിസന്ധികൾ തുടരുകയാണെന്നാണ് സൂചനകൾ.

വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം സ്പാനിഷ് മധ്യനിരതാമായ ഫ്രാൻ സോട്ട ഈസ്റ്റ് ബം​ഗാളിന്റെ ഭാ​ഗമായിട്ടുണ്ട്. ഈ താരമിപ്പോൾ ​ഗോവയിലുണ്ടെന്നും വാർത്തകളുണ്ട. എന്നാൽ ഇതുവരെ ഈ സൈനിങ് ക്ലബ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല.

സ്ലോവേനിയൻ മധ്യനിരതാരം അമീർ ഡെർവിസെവിച്ചിന് പകരമാണ് പുതിയ വിദേശതാരത്തെ ഈസ്റ്റ് ബം​ഗാൾ കൊണ്ടുവരുന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഡെർവിസെവിച്ച് ഇപ്പോഴും ടീമിലുണ്ട്. മാത്രവുമല്ല ഈസ്റ്റ് ബം​ഗാളിന്റെ കഴിഞ്ഞ മത്സരത്തിൽ താരം സ്ക്വാഡിലുമുണ്ടായിരുന്നു.

ഇതോടെയാണ് ക്ലബ് വിടാൻ ഡെർവിസെവിച്ച് തയ്യാറാകുന്നില്ല എന്ന വാർത്തകൾ പുറത്തുവരുന്നത്. ഐഎസ്എൽ നിയമപ്രകാരം ഒരു കളിക്കാരനുമായി ക്ലബ് മ്യൂച്ചൽ ടെർമിനേഷൻ നടത്തിയാൽ മാത്രമെ അയാൾക്ക് പകരമായി മറ്റൊരാളെ രജിസ്റ്റർ ചെയ്യാനാകു. അതിനാൽ തന്നെ പുതിയ താരത്തെ രജിസ്റ്റർ ചെയ്യണമെങ്കിൽ ഈസ്റ്റ് ബം​ഗാളിന് ഒന്നുകിൽ ഡെർവിസെവിച്ചുമായി ക്ലബ് വിടുന്ന കാര്യത്തിൽ ധാരണയിലെത്തണം. അല്ലെങ്കിൽ മറ്റൊരു വിദേശതാരത്തെ ഒഴിവാക്കണം. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയുടെ ട്വീറ്റ് പ്രകാരം അടുത്ത മത്സരത്തിന് ശേഷം മാത്രമെ ഈസ്റ്റ് ബം​ഗാൾ ഏത് വിദേശതാരത്തെ ഒഴിവാക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുള്ളു. അതിനാൽ തന്നെ പുതിയ സൈനിങ് പ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത.