SHARE

ജനുവരി അവസാനം താരലേലം നടക്കാനിരിക്കെ ഐ പി എല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബ്രിസ്റ്റോളില്‍ നടന്ന അക്രമത്തിന്റെ പേരില്‍ കോടതി നടപടി നേരിടുന്ന ബെന്‍ സ്‌റ്റോക്‌സിന് താരലേലത്തില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി.

എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിനപരമ്പരക്കുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ദാവീദ് മലനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആഷസില്‍ ഇതുവരെ 45.14 ശരാശരിയില്‍ 316 റണ്‍സാണ് മലന്‍ നേടിയിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഐ പി എല്ലില്‍ കൂടുതല്‍ താരമൂല്യമുണ്ടായിരുന്ന താരത്തെ ഐ പി എല്ലില്‍ കാണാന്‍ കഴിയുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഈ ആശങ്ക ഇപ്പോള്‍ നീങ്ങിയിരിക്കുകയാണ്.

2017 ലെ ഐ പി എല്ലില്‍ 14.5 കോടി രൂപക്ക് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സിലെത്തിയ താരം 12 മത്സരങ്ങളില്‍ നിന്ന് 316 റണ്‍സും 12 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. നിലവില്‍ ന്യൂസിലാന്റിലെ സൂപ്പര്‍ സ്മാഷ് ലീഗില്‍ കളിക്കുന്ന ബെന്‍ സ്റ്റോക്ക്‌സിന് വേണ്ടിനിരവധി ഐ പി എല്‍ ടീമുകള്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍  താരലേലത്തില്‍ പങ്കെടുക്കാന്‍ സ്റ്റോക്‌സിന് സമ്മതം നല്‍കിയത് ക്രിക്കറ്റ് ആരാധകര്‍ക്കും ഐ പി എല്‍ ടീമുകള്‍ക്കും വലിയ സന്തോഷമാണ് നല്‍കുന്നത്.