SHARE

ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് സ്റ്റാർ ബാറ്റ്സ്മാൻ അലക്സ് ഹെയിൽസിനെ ലോകകപ്പിനുള്ള അവരുടെ പതിനഞ്ചംഗ ടീമിൽ നിന്നൊഴിവാക്കി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഉത്തേജകമരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട ഹെയിൽസിന് നേരത്തെ 21 ദിവസത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തീരുമാനമെടുത്തിരുന്നു. എന്നാൽ ഈ വിലക്കിന് ശേഷം ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ ക്യാമ്പിൽ ഹെയിൽസ് ചേരുമെന്നായിരുന്നു കരുതിയിരുന്നത്. ലോകകപ്പ് ടീമിൽ നിന്ന് താരത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നാണെത്തിയത്.

തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഹെയിൽസിനെ ലോകകപ്പ് ടീമിൽ നിന്നൊഴിവാക്കുന്ന വിവരം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ലോകകപ്പിന് പുറമേ അയർലൻഡിനെതിരായ ഒരു മത്സര ഏകദിന പരമ്പരയിലും, പാകിസ്ഥാനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലും ഹെയിൽസിന് കളിക്കാനാവില്ല‌.