SHARE

ഈ ഫുട്ബോൾ സീസണിൽ താരമൂല്യത്തിൽ ഏറ്റവുമധികം ഇടിവുണ്ടായത് റയൽ മഡ്രിഡിന്റെ സൂപ്പർതാരം ഈഡൻ ഹസാർ‍ഡിന്. പ്രമുഖ ഫുട്ബോൾ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് ഡോട്ട് കോമിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ​ഗിവ് മി സ്പോർട്സാണ് ഈ പട്ടിക തയ്യാറാക്കിയത്. സീസൺ തുടക്കത്തിലേയും ഇപ്പോഴുമുള്ള ട്രാൻസ്ഫർ മൂല്യം താരതമ്യപ്പെടുത്തിയാണിത്.

ഈ സീസണിലാണ് ചെൽസിയിൽ നിന്ന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് ഹസാർഡ് എത്തിയത്. 140 ദശലക്ഷത്തോളം യൂറോ മുടക്കിയാണ് ഹസാർഡിനെ റയൽ സ്വന്തമാക്കിയത്. എന്നാൽ പരുക്കും മറ്റ് പ്രശ്നങ്ങളും കാരണം ഇതുവരെ ടീമിൽ മികച്ച പ്രകടനം നടത്താൻ ഹസാർഡിന് സാധിച്ചില്ല. ഇതോടയാണ് താരത്തിന്റെ ട്രാൻസ്ഫർ മൂല്യം ഇടിഞ്ഞത്. 45 ദശലക്ഷത്തോളം യൂറോയുടെ ഇടിവാണ് ഇപ്പോൾ ഹസാർഡിന്റെ ട്രാൻസ്ഫർ മൂല്യത്തിൽ ഉണ്ടായിരിക്കുന്നത്.

ഹസാർഡിന് ശേഷം ട്രാൻസ്ഫർ മൂല്യം ഏറ്റവുമിടഞ്ഞത് ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഓസ്മൻ ഡെംബേലെയുടേതാണ്. 30 ദശലക്ഷം യൂറോയ്ക്കടുത്ത് ഇടിവുവന്ന ഡെംബേലെയുടെ താരമൂല്യം ഇപ്പോൾ 63 ദശലക്ഷം യൂറോ മാത്രമാണ്. മൂന്നാം സ്ഥാനത്ത് നെയ്മറാണുള്ളത്. 20 ദശലക്ഷത്തോളം യൂറോ മൂല്യത്തിൽ ഇടിവുണ്ടായെങ്കിലും ഇപ്പോഴും നെയ്മറിന്റെ മാർക്കറ്റ് വാല്യു 144 ദശലക്ഷം യൂറോയാണ്.

ബാഴ്സയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിച്ചിൽ കളിക്കുന്ന ഫിലിപ്പ് കൂട്ടീന്യോ, റയൽ മഡ്രിഡിന്റെ ബ്രസീലിയൻ കൗമാരതാരം വിനിഷ്യസ് ജൂനിയർ എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റ് താരങ്ങൾ. ​റയൽ മഡ്രിഡിന്റെ തന്നെ ​ഗാരത് ബെയിൽ, ലൂക്കാ ജോവിച്ച്, നാപ്പോളിയുടെ അലൻ, ചെൽസിയുടെ കേപ്പ തുടങ്ങിയവരും താരമൂല്യത്തിൽ വലിയ ഇടിവ് സംഭവിച്ചവരാണ്.