SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് ആശങ്കപടർത്തി കോവിഡ് വ്യാപനം രൂക്ഷമായിട്ടുണ്ട്. പല ഐഎസ്എൽ ടീമുകളുടെ ക്യാംപിലും കോവി‍ഡ് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. നേരത്തെ കോവി‍ഡിനെത്തുടർന്ന് എടികെ മോഹൻ ബ​ഗാൻ-ഒഡിഷ എഫ്സി മത്സരം മാറ്റിവച്ചിരുന്നു. പിന്നാലെ ഇന്ന് നടക്കാനിരുന്ന ബെം​ഗളുരുവിനെതിരായ ബ​ഗാന്റെ മത്സരവും മാറ്റിവച്ചു.

ബ​ഗാന്റെ മത്സരങ്ങൾ മാത്രം മാറ്റവയ്ക്കുന്നതിനെതിരെ ഐഎസ്എൽ സംഘാടകർക്കെതിരെ സമൂ​ഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമുയരുന്നുണ്ട്. എഫ്സി ​ഗോവയടക്കമുള്ള പല ക്ലബുകളിലും കളിക്കാർ ഐസോലേഷനിൽ കഴിയുമ്പോഴും മത്സരങ്ങൾ മുടങ്ങാതെ നടന്നിട്ടും ബ​ഗാന്റെ മത്സരങ്ങൾ മാറ്റിവയ്ക്കാൻ അവസരം നൽകിയിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടി എഫ്സി ​ഗോവ ക്യാപ്റ്റൻ എഡു ബെഡിയ തുറന്നടിച്ചു. തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലാണ് ഈ സ്പാനിഷ് താരം വിമർശനമുന്നയിച്ചത്.

ഒമ്പത് കോവിഡ് കേസുകളാണ് ഞങ്ങളുടെ ടീമിലുണ്ടായിരുന്നത്, എന്നിട്ടും ഇന്നലെ ‍ഞങ്ങൾ കളിച്ചു, പക്ഷെ ഇന്ന് കോവിഡ് കാരണത്താൽ മറ്റൊരു ടീമിന്റെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റിവച്ചു, എന്താണിതിങ്ങനെയെന്ന് എനിക്ക് മനസിലാകുന്നില്ല, ആർക്കെങ്കിലും വിശദീകരിക്കാമോ, എഡു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു