കഴിഞ്ഞ ദിവസമാണ് ഐഡു ഗാർസിയ ഹൈദരാബാദ് എഫ്.സിയിൽ ചേക്കേറിയത്. മുമ്പ് ബെഗംളുരു എഫ്.സിയും എ.ടി.കെ മോഹൻ ബഗാനിലും കളിച്ച ഈ സ്പാനിഷ് താരത്തിന്റെ മൂന്നാം ഐ.എസ്.എൽ ക്ലബാണ് ഹൈദരാബാദ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ കളിക്കുന്ന താരമെന്ന നിലയിൽ ഐ.എസ്.എല്ലിന്റേയും ഇന്ത്യൻ ഫുട്ബോളിന്റേയും വളർച്ച കൃത്യമായി മനസിലാക്കിയിട്ടുണ്ട് ഗാർസിയ. താരത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ഫുട്ബോൾ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് എഫ്.സിയിൽ ചേർന്ന ശേഷം ക്ലബ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഗാർസിയ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇവിടയുള്ള എനിക്കറിയാം ഇവിടെ യുവതാരങ്ങൾ മെച്ചപ്പെടുന്നുണ്ടെന്ന്, അവർക്ക് നല്ല തയ്യാറെടുപ്പുകളും പരിശീലനവും ലഭിക്കുന്നുണ്ട്, ഇവിടെ ദിനം പ്രതി ഫുട്ബോൾ വളർന്നുകൊണ്ടിരിക്കുകയാണ്, എങ്കിലും എന്റെ അഭിപ്രായത്തിൽ ഫുട്ബോൾ അക്കാദമികൾ വഴിയുള്ള പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്, കാരണം ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി രൂപകൽപ്പന ചെയ്യേണ്ടത് ഇത്തരം അക്കാദമികളിലൂടെയാണ്, ഗാർസിയ പറയുന്നു.