SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരിൽ ഏറ്റവുമധികം ആരാധകപിന്തുണ നേടിയ ആളാണ് എൽക്കോ ഷട്ടോരി. ഡച്ച് പരിശീലകനായ എൽക്കോയുടെ കീഴിൽ ബ്ലാസ്റ്റേഴ്സിന് കാര്യമായി നേട്ടമൊന്നുമുണ്ടാക്കാായില്ല. എങ്കിലും കളിശൈലിയിലൂടെ എൽക്കോ ഫാൻ ഫേവറിറ്റായി മാറുകയായിരുന്നു.

എൽക്കോയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. എന്നാൽ അതുണ്ടായില്ല. ബ്ലാസ്റ്റേഴ്സ് വിട്ടശേഷവും ക്ലബ് ആരാധകരുമായി ട്വിറ്ററിലൂടെ സജീവമായി സംവദിച്ചിരുന്നു എൽക്കോ. ബ്ലാസ്റ്റേഴ്സിൽ നടത്തിയ സൈനിങ്ങുകളിൽ തനിക്ക് കാര്യമായ റോളൊന്നുമില്ലായിരുന്നവെന്ന് മുമ്പും എൽക്കോ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഇതേക്കുറിച്ച് ഒരു ആരാധകൻ കുറിച്ചതിന് മറുപടി പറഞ്ഞ എൽക്കോ, ബ്ലാസ്റ്റേഴ്സിലേക്ക് താൻ നടത്തിയ സൈനിങ്ങുകളെക്കുറിച്ച് വെളിപ്പെടുത്തി.

2019-20 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങളുടെ ഒരാളുടെ പോലും സൈനിങ്ങിൽ തനിക്ക് ഇടപെടാനായില്ലന്നാണ് എൽക്കോ പറഞ്ഞത്. ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങുകളെല്ലാം ക്ലബിന്റെ ഇഷ്ടപ്രകാരം നടന്നതാണെന്നും എൽക്കോ പറഞ്ഞു.

ബാർത്തലോമിയോ ഓ​ഗ്ബെച്ചെ, റാഫേൽ മെസി ബൗളി, ജിയാനി സെവർലിയൂൻ, മുസ്തഫ ജിങ് എന്നീ വിദേശികളെ താനാണ് ടീമിലെത്തിച്ചത്. ബ്രസീലിയൻ താരം ജായ്റോ റോഡ്രി​ഗ്വസിനേയും എൽക്കോയാണ് സെൻ ചെയ്തത്. എന്നാൽ സെന്റർ ബാക്ക് റോളിലേക്ക് തന്റെ മൂന്നാമത്തെ മാത്രം ചോയിസായിരുന്നു ജെയ്റോ എന്നും, ആദ്യം പരി​ഗണിച്ചയാളെ സ്വന്തമാക്കാനാകാതെ വന്നതോടെയാണ് ജായ്റോയെ ഒപ്പം കൂട്ടിയതെന്നും എൽക്കോ വ്യക്തമാക്കി. സ്പാനിഷ് താരങ്ങളായ മരിയോ ആർക്വെസ്, സെർജിയോ സി‍‍ഡോഞ്ച എന്നിവരുടെ സൈനിങ് താനല്ല ക്ലബാണ് നടത്തിയതെന്നും എൽക്കോ കൂട്ടിച്ചേർത്തു.