SHARE

ഈ സീസൺ ഐ എസ് എല്ലിലെ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ നാളെ ബെംഗളൂരു എഫ് സിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്. നിലവിലെ ഫോം വെച്ച് നോക്കുകയാണെങ്കിൽ ബെംഗളൂരുവിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് വിയർത്തേക്കും. എന്നാൽ‌ പോയിന്റ് ടേബിളിൽ താഴെത്തട്ടിൽ കിടക്കുകയാണെങ്കിലും ബെംഗളൂരുവിനെ തോൽപ്പിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽക്കോ ഷട്ടോറി. മത്സരത്തിന് തലേ ദിവസമായ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഷട്ടോറി തന്നെയാണ് ബെംഗളൂരു എഫ് സിയെ തോൽപ്പിക്കാൻ എന്താണ്‌ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരിക്കെ ബെംഗളൂരുവിനെ വിറപ്പിച്ച പ്രകടനങ്ങൾചൂണ്ടിക്കാട്ടിയാണ് ഷട്ടോറി ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ഷട്ടോറി പറയുന്നതിങ്ങനെ, “കഴിഞ്ഞ സീസണിൽ ഞങ്ങൾ‌(നോർത്ത് ഈസ്റ്റ് യുണൈറ്റഡ്) നാല്‌തവണ ബെംഗളൂരു എഫ് സിയെ നേരിട്ടു. മത്സരഫലങ്ങൾ പോസിറ്റീവായിരുന്നു. ഫെഡറിക്കോയും, റൗളിൻ ബോർജസുമില്ലാതെയായിരുന്നു അവസാന മത്സരത്തിന് ഞങ്ങളിറങ്ങിയത്. പക്ഷേ അവരെ എങ്ങനെയാണ് തോൽപ്പിക്കേണ്ടതെന്ന് എനിക്കറിയാം. അവരുടെ പോരായ്മകൾ എവിടെയൊക്കെയെന്ന് എനിക്കറിയാം.

-Advertisement-

അതിശക്തമായ ക്ലബ്ബ് ആണെന്നതാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. ശക്തമായ രീതിയിലാണ് അവർ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മാനസികമായും അവർ ഏറെ ശക്തരാണ്.‌ അവരുടെ കോച്ച് വലിയ കൈയ്യടികൾ അർഹിക്കുന്നു. കാരണം സെറ്റ് പീസുകളിൽ നിന്ന്‌ ഗോൾ നേടാൻ അദ്ദേഹം അവരെ പ്രാപ്തരാക്കി. നന്നായി കളിക്കാത്ത മത്സരത്തിലും സെറ്റ് പീസുകളിൽ നിന്ന് സ്കോർ ചെയ്താൽ നിങ്ങൾക്ക് ജയിക്കാൻ കഴിയും. ജയിക്കാൻ പ്രാപ്തമുള്ള ഏറ്റവും മികച്ച ആദ്യ ഇലവനെയാകും നാളെ ഞങ്ങൾ കളത്തിലിറക്കുക. വിജയം മാത്രമായിരിക്കും നാളെ ലക്ഷ്യം. ” ഷട്ടോറി പറഞ്ഞുനിർത്തി‌.