SHARE

സൂപ്പർ ടീമുകളായ റയൽ മഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ബാഴ്സ പ്രസിഡന്റ് ജോസിപ് ബെർത്തെമ്യു. കാറ്റലോണിയൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എൽ ക്ലാസിക്കോ മാറ്റിയേക്കും എന്ന ആശങ്ക നിലനിൽക്കെയാണ് ബെർത്തെമ്യുവിന്റെ പ്രതികരണം.

ഡിസംബർ 18-ന് ബാഴ്സലോണയുടെ മൈതാനമായ ന്യുകാമ്പിലാണ് എൽ ക്ലാസിക്കോ നടക്കുന്നത്. എന്നാൽ മത്സരത്തിന് മുന്നോടിയായി പ്രതിഷേധറാലികൾ നടത്താൻ കാറ്റലോണിയൻ സംഘടനകൾ ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു. സ്റ്റേഡിയത്തിനുള്ളിലും പ്രതിഷേധത്തിന് സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതോടെ എൽ ക്ലാസിക്കോ വീണ്ടും മാറ്റിവച്ചേക്കും എന്ന അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. എന്നാൽ എൽ ക്ലാസിക്കോ മുൻനിശ്ചയിച്ച പോലെ നടക്കുമെന്നും മത്സരം നടക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും ബെർത്തെമ്യു പറഞ്ഞു.

ഒക്ടോബറിലായിരുന്നു സീസണിലെ ആദ്യ എൽ ക്ലാസിക്കോ തീരുമാനിച്ചിരുന്നത്. എന്നാൽ കാറ്റലോണിയൻ നേതാക്കന്മാരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സമരക്കാർ തെരുവിലിറങ്ങിയതോടെ ഈ മത്സരം മാറ്റവയ്ക്കുകയായിരുന്നു.