SHARE

ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഈജിപ്തിന്റെ ഇസ്സാം എൽ ഹാദരി. സൗദി അറേബ്യക്കെതിരെ കളത്തിലിറങ്ങിയതോടെയാണ് ഹാദരിയെ തേടി ഈ ചരിത്രനേട്ടമെത്തിയത്. തന്റെ 45മത്തെ വയസിലാണ് ഹദാരി രാജ്യത്തിനായി ലോകകപ്പിൽ ബൂട്ട് കെട്ടുന്നത്. മത്സരത്തിൽ ഒരു പെനാൽട്ടിയും ഹാദരി രക്ഷപ്പെടുത്തി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈജിപ്തിനെതിരെ റഫറി പെനാൽട്ടി വിധിച്ചത്. സൗദിയുടെ ഫഹദ് അൽ മുവല്ലദ് എടുത്ത കിക്ക് ഹാദരി  തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഫുട്ബോൾ ലോകത്തിൻ്റെ നിറഞ്ഞ കയ്യടിയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 1996 മുതൽ ഈജിപ്തിന്റെ വിശ്വസ്തനായ കാവൽക്കാരനാണ് ഹദാരി. ലോകകപ്പിലെ ആദ്യ മത്സരമാണ് സൗദിക്കെതിരെ കളിക്കുന്നത്.

2014ലെ ബ്രസീൽ ലോകകപ്പിൽ കൊളംബിയക്കായി തന്റെ 43ാം വയസിൽ കളിച്ച ഫാരിദ് മോന്ദ്രൻഗോന്റെ റെക്കോർഡാണ് ഇപ്പോൾ ഹദാരി തിരുത്തിയത്. ലോകകപ്പിൽ നിന്നും പുറത്തായ സൗദിക്കും ഈജിപ്തിനും മത്സരം അത്ര നിർണായകമല്ല. എന്നാൽ വിജയത്തോടെ മടങ്ങാനാണ് ഇരുടീമുകളും ശ്രമിക്കുന്നത്. മത്സരം 1-1 സമനില പാലിക്കുകയാണ്.