SHARE

ജംഷഡ്പൂരിനെതിരെ തോല്‍ക്കേണ്ടി വന്നെങ്കിലും മികച്ച പ്രകടനമായിരുന്നു ടീം നടത്തിയതെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി. മത്സരശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ 10 പേരുമായാണ് കളിച്ചതെന്നോര്‍ക്കണമെന്നും എന്നിട്ടും ഒരവസരത്തില്‍ 2-1 ന് ലീഡ് ചെയ്യാനായത് നേട്ടമാണെന്നും ഷട്ടോരി പറഞ്ഞു. കളിയുടെ 50-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരം ചുവപ്പു കാര്‍ഡ് കണ്ട് പുറത്ത് പോയത്.

നിര്‍ഭാഗ്യം കൊണ്ടാണ് പരാജയപ്പെട്ടത്. കളി മാറ്റാനുള്ള താരങ്ങള്‍ തനിക്ക് ബഞ്ചില്‍ ഇല്ലായിരുന്നുവെന്നും ഷട്ടോരി പറഞ്ഞു. ദിവസം മുഴുവന്‍ താന്‍ തന്റെ ടീമിനു വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്നും എന്നിട്ടും ഇത്തരം ഫലങ്ങള്‍ ഉണ്ടാവുമ്പോള്‍ നിരാശയാണ് തോന്നുന്നതെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു എവേ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിനോട് പരാജയപ്പെട്ടത്.

2-1 ന് ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടു നിന്ന മത്സരത്തില്‍ 75-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ സമനില പിടിച്ച ജംഷഡ്പൂരിന് ഒഗ്ബച്ചേയുടെ സെല്‍ഫ് ഗോളാണ് വിജയം സമ്മാനിച്ചത്. 14 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ എട്ടാം സ്ഥാനത്താണ്.